അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്

single-img
11 July 2017

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്. കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി രാത്രി എട്ടു മണിയോടെയായിരുന്നു അമര്‍നാഥ് തീര്‍ഥാടകരുടെ ബസ്സിന് നേരെ ഭീകരാക്രമണം നടന്നത്. പോലീസിനെ ലക്ഷ്യമിട്ട ആക്രമണത്തില്‍ ഏഴു തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കശ്മീരിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. 8.30ന് പോലീസ് ജീപ്പിന് നേരെ ആക്രമണം അഴിച്ചു വിട്ട ഭീകരര്‍ അനന്തനാഗിലെ സെക്യൂരിറ്റി പോസ്റ്റിന് സമീപം വെച്ചാണ് ബസ്സിനു നേരെ വെടിയുതിര്‍ക്കുന്നത്. ബസ്സിന്റെ മൂന്ന് വശവും നിന്നു കൊണ്ട് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. 40 ദിവസം നീണ്ട അമര്‍നാഥ് യാത്ര ജൂണ്‍ 28 നാണ് തുടങ്ങിയത്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉപഗ്രഹ നിരീക്ഷണം അടക്കമുള്ളവ ഇത്തവണ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് ഭീകരാക്രമണം.

സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം കണക്കിലെടുത്ത് കശ്മീരിലെ മൂന്നിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ തീവ്രവാദി അബു ഇസ്മയിലാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു.