Movies

”ഒരു താരരാജാവിന്റെ പതനം”

ചെറിയ റോളുകളില്‍ സിനിമ ജീവിതം ആരംഭിച്ച ദിലീപിന് ഉയര്‍ച്ചകള്‍ സമ്മാനിച്ചതിലും ഇന്നത്തെ താരപദവിയിലേക്ക് ഉയര്‍ത്തിയതിലും മഞ്ജുവാര്യര്‍ എന്ന നടിയുടെ പങ്ക് ചെറുതല്ല. 1998 ല്‍ മഞ്ജുവുമൊത്തുള്ള വിവാഹശേഷമായിരുന്നു ദിലീപ് എന്ന നടന്റെ ശുക്ര ദിശ തെളിഞ്ഞതെന്ന് തന്നെ പറയാം. വിവാഹ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ ആകട്ടെ സൂപ്പര്‍ ഹിറ്റുകളും. മീശ മാധവന്‍, ഈ പറക്കും തളിക, സിഐഡി മൂസ, കുബേരന്‍, കല്ല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍.

വളരെ പെട്ടന്നായിരുന്നു ഗോപാലകൃഷ്ണനെന്ന ചെറുപ്പക്കാരന്റെ ദിലീപിലേക്കുള്ള വളര്‍ച്ച. കലാഭവന്റെ മിമിക്രി വേദികളില്‍ വലിയ ഷര്‍ട്ടിനുള്ളില്‍ ചെറിയ ശരീരവുമായി ഒതുങ്ങി കൂടിയിരുന്ന ഗോപാലകൃഷ്ണന്‍ ഒരു സുപ്രഭാതത്തില്‍ ദിലീപായി സിനിമയിലെത്തുകയായിരുന്നു. വിവിധ ഇമേജുകളില്‍ വെള്ളിത്തിരയില്‍ ഇടിമുഴക്കം പോലെ കടന്നുവന്ന ദിലീപ് ഒടുവില്‍ ഗൂഡാലോചന കുറ്റത്തില്‍ കുടുങ്ങി ഒരു മിന്നലായി അസ്തമിക്കുന്നു.

മിമിക്രി വേദികളില്‍ നിന്ന് ആദ്യമെത്തിയത് മിനിസ്‌ക്രീനില്‍. തുടര്‍ന്ന് കോമിക്കോള എന്ന കോമഡി ഷോയിലൂടെ മുഖം ജനങ്ങള്‍ക്ക് സുപരിചിതമാകുന്നു. ഇന്നസെന്റ്, ജയറാം തുടങ്ങിയ താരങ്ങളെ ആനായസേന അനുകരിക്കുന്ന ഈ ചെറുപ്പക്കാരന്‍ ആരെന്ന് മിമിക്രി താരങ്ങള്‍ പോലും അന്വേഷിച്ചിരുന്ന കാലം. ഷോ വിജയത്തിലെത്തിയതോടെ പതിയെ വാതായനങ്ങള്‍ ഗോപാലകൃഷ്ണനു മുന്നില്‍ തുറക്കുന്നു.

തുടര്‍ന്ന് പ്രിയസുഹൃത്ത് ലാല്‍ ജോസുമായി ഒന്നിച്ച് കമലിന്റ സഹസംവിധായകനായി സിനിമയില്‍ തുടക്കം. അപ്പോഴെല്ലാം ഈ ചെറുപ്പക്കാരന്റെ മുന്നില്‍ സിനിമയില്‍ ഒരു പ്രധാന വേഷം എന്ന ചിന്ത മാത്രം. ഇടയ്ക്കിടെ ചെറിയ വേഷങ്ങളിലെത്തി പ്രേക്ഷകരെ ചിരിപ്പിച്ച് സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക് ഓടി ഒളിക്കുന്ന മുഖം. ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ താന്‍ മനസ്സിലാഗ്രഹിച്ച വേഷം ഈ വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ തേടിയെത്തുന്നു. 1994ലാണ് അത് സംഭവിച്ചത്. ‘മാനത്തെ കൊട്ടാരം ‘എന്ന സിനിമയിലൂടെ പാവം പയ്യന്‍ ഇമേജില്‍ മലയാളികള്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്ന ഗോപാലകൃഷ്ണനെ തേടി മുഖ്യവേഷം എത്തുന്നു.

സിനിമ ഹിറ്റായതോടെ സൈന്യം, സിന്ദൂരരേഖ, സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍ എന്നീ സിനിമകളില്‍ ചെറുതെങ്കിലും ശ്രേദ്ധേയമായ വേഷങ്ങള്‍ ദിലീപിനെ തേടിയെത്തി. ഒടുവില്‍ തലവരമാറ്റിയെഴുതാന്‍ ആവര്‍ഷം പിറവിയെടുക്കുന്നു. ‘1996’ ദിലീപ് നായകനായി ‘സല്ലാപം’, ‘ ഈ പുഴയും കടന്ന് ‘ എന്നീ ചിത്രങ്ങള്‍ ദിലീപിനിലെ നായകനെ പ്രേക്ഷര്‍ക്ക് മുന്നില്‍ സമ്മാനിക്കുന്നു. ഈ രണ്ടു ചിത്രങ്ങളിലും നായികയായി തന്റെ മുന്നിലെത്തിയ മലയാളികള്‍ സ്വന്തം വളര്‍ത്തുമകളായി താലോലിച്ച മഞ്ജുവാര്യരെ പിന്നീട് ദിലീപ് മിന്നുകെട്ടുന്നു. അവിടെ തുടങ്ങുന്നു ദിലീപ് എന്ന പുതിയ നായകന്റെ താരോദയം. ‘പഞ്ചാബി ഹൗസും’ , ‘മീനത്തില്‍ താലികെട്ടും ‘ വമ്പന്‍ ഹിറ്റുകള്‍. പിന്നീട് ആത്മസുഹൃത്ത് ലാല്‍ജോസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ ശ്രദ്ദേയമായ വേഷം. ഈ ചിത്രത്തില്‍ ദിലീപ് കാവ്യ ജോഡികള്‍ കാഴ്ചവെച്ച പ്രകടനം ഏറെ പ്രശംസകള്‍ പിടിച്ചു പറ്റി. പിന്നീട് ഒന്നിച്ച് അഭിനയിച്ച ‘തെങ്കാശിപ്പട്ടണം’, ‘ മീശമാധവന്‍ ‘, ‘ഡാര്‍ലിങ് ഡാര്‍ലിങ്’ തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരുടെയും ഗ്രാഫ് ഉയര്‍ത്തി.

ഇനിയുള്ള ചിത്രങ്ങളില്‍ ഈ താരജോഡികള്‍ മാത്രം എന്ന് സിനിമസംവിധായകര്‍ പോലും വിധിയെഴുതിയ കാലം. പിന്നീട് സന്‍മനസ്സുള്ള ചേക്കിലെ കള്ളന്റെ കഥ പറഞ്ഞ ലാലിന്റെ ‘മീശമാധവന്‍’ ദിലീപിന് മറ്റൊരു പദവി നല്‍കുന്നു ‘സൂപ്പര്‍ താരം’. തുടര്‍ന്ന് ‘ചാന്ത്‌പൊട്ട് ‘ തിളക്കം’ തുടങ്ങിയ ചിത്രങ്ങള്‍ ദിലീപിന്റെ ബാനറില്‍ തിയേറ്ററുകളില്‍. ശേഷം എത്തിയ ‘റണ്‍വേ’ പോലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ ദിലീപിന് താരസിംഹാസനം ഉറപ്പിച്ചു നല്‍കി. താരസംഘടനായ ‘അമ്മ’ യുടെ ധനസമാഹരണാര്‍ത്ഥം മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെ ഉള്‍പ്പെടുത്തി ദിലീപ് നിര്‍മ്മിച്ച ‘ട്വന്റി ട്വന്റി ദിലീപിനെ മലയാള സിനിമയുടെ അരങ്ങില്‍ നിന്നും അണിയറയിലേക്ക് എത്തിച്ചു. പിന്നീട് ദിലീപിന്റെ തന്റെ നിര്‍മാണത്തില്‍ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ് ‘ പോലുള്ള ചിത്രങ്ങള്‍. ഇതിനു പിന്നാലെ റിയല്‍ എസ്റ്റേറ്റ് , ഹോട്ടല്‍ മേഖലകളിലും കൈവെയ്ക്കാന്‍ താരം മുതിരാതിരുന്നില്ല. ഇവിടെയെല്ലാം വിജയങ്ങള്‍. ഇതിനു പിന്നാലെയായിരുന്നു ദിലീപ് മഞ്ജുവാര്യരില്‍ നിന്ന് വിവാഹ മോചനം നേടുന്നതും ജീവിതത്തില്‍ തിരിച്ചടി നേരിട്ടു തുടങ്ങുന്നതും. കാവ്യയുടെ വിവാഹ മോചന ശേഷം ഇരുവരും തമ്മില്‍ അടുത്തത് മഞ്ജുവുമായുള്ള കുടുംബ ജീവിതത്തിന് വിള്ളല്‍ വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 22 സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും വിജയിക്കാനായത് അഞ്ചു ചിത്രങ്ങള്‍ക്ക് മാത്രം. ഇതോടെ ദിലീപിന്റെ പതനം തുടങ്ങുകയായിരുന്നു. കൂടാതെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിനേറ്റ കനത്ത പരാജയവും ദിലീപിന്റെ സിനിമ ജീവിതത്തില്‍ വലിയ തിരിച്ചടിയായി. ഒടുവില്‍ കാവ്യാ മാധവനെ വിവാഹം കഴിച്ചതോടെ ദിലീപ് എന്ന നടന്റെ തനിനിറം മെല്ലെ മറനീക്കി പുറത്തുവന്നു. തുടര്‍ന്ന് പ്രമുഖ നടിയെ തട്ടിക്കോട്ടു പോകാന്‍ പള്‍സര്‍ സുനിയെ കണ്ടെത്തിയതോടെ കേസില്‍ മുഖ്യ ഗൂഡാലോചകനായി ജയിലഴിക്കുള്ളിലേക്ക് നീങ്ങുമ്പോള്‍ ദിലീപ് എന്ന നായകന്‍ മലയാളി മനസ്സുകളില്‍ ജനപ്രിയ നായകനില്‍ നിന്നും ‘കാട്ടു കള്ളന്‍’ എന്ന ഇമേജിലേക്ക് പരിണാമം പ്രാപിച്ചിരുന്നു.