കാര്‍ നന്നാക്കാന്‍ സഹായിക്കാനെത്തിയവര്‍ കള്ളന്മാരെന്നറിഞ്ഞില്ല; തൃശൂരില്‍ കാറില്‍ യാത്ര ചെയ്ത കുടുംബത്തെ ആക്രമിച്ച് കൊള്ളയടിച്ചു

single-img
10 July 2017

വടക്കാഞ്ചേരി: ബൈക്കിലെത്തിയ രണ്ടംഗ സംഘം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയടക്കമുള്ള കുടുംബത്തെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. വടക്കാഞ്ചേരി വ്യാസ കോളേജിന് സമീപമായിരുന്നു സംഭവം. പുലര്‍ച്ചെ ഭാര്യ വീട്ടില്‍ നിന്നും മടങ്ങി വരികയായിരുന്ന വിനോദിന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടപ്പോഴായിരുന്നു കവര്‍ച്ച.

കാര്‍ കേടായതിനെ തുടര്‍ന്നായിരുന്നു നിര്‍ത്തിയിട്ടത്. ഈ സമയം നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് സംഘം കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് വിവരം തിരക്കി. കാര്‍ കേടായതിനാലാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് വിനോദ് മറുപടി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സംഘം മടങ്ങി. ഇതിനു പിന്നാലെയാണ് രണ്ടംഗസംഘം ബൈക്കിലെത്തിയത്. കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് കൂടെ കൂടിയ ഇവര്‍ പെട്ടെന്ന് ബൈക്കിലൊളിപ്പിച്ച ഇരുമ്പ് വടിയെടുത്ത് വിനോദിനെയും കുടുംബത്തെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.

സംഭവിക്കുന്നതെന്തെന്ന് അറിയാതെ പകച്ചിരുന്ന ഗര്‍ഭിണിയായ വിനോദിന്റെ ഭാര്യയെ കാറിന്റെ പുറത്തേക്ക് വലിച്ചിട്ട ശേഷം മാലയും കമ്മലും ഊരി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജീവന്‍ പോകുമെന്ന ഭയത്താല്‍ ഭയന്ന് വിറച്ച യുവതിയില്‍ നിന്നും അക്രമിസംഘം ഇത് പൊട്ടിച്ചെടുക്കുകയും ചെയ്തു. ഇതേസമയം തടയാന്‍ ശ്രമിച്ച വിനോദിനേയും കുട്ടിയേയും കമ്പിപ്പാരയുമായി നിന്ന അക്രമിസംഘം ഭീഷണിപ്പെടുത്തി പേഴ്‌സിലുണ്ടായ 2,300 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു.

ആകെ, 29,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വടക്കാഞ്ചേരി സിഐ സി.എസ്.സിനോജ്, എസ്‌ഐ കെ.സി.രതീഷ്, എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.