ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം കരുണ്‍ നായരെ ഒഴിവാക്കി

single-img
10 July 2017

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയും ലോകേഷ് രാഹുലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയപ്പോള്‍ യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ആദ്യ ടെസ്റ്റ് കളിക്കാനുള്ള അവസരമൊരുങ്ങി. എന്നാല്‍ 16 അംഗ ടീമില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇടം പിടിക്കാനായില്ല.

ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. പരുക്കുമൂലം വിശ്രമത്തിലായിരുന്ന ഓപ്പണര്‍ ലോകേഷ് രാഹുലും ടീമില്‍ തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ടീമില്‍ ഉള്‍പ്പെടാതിരുന്ന മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

റിസര്‍വ് ഓപണറായി അഭിനവ് മുകുന്ദിനെയും ഇന്ത്യ ടീമില്‍ ഉള്‍ക്കൊള്ളിച്ചു. അശ്വിനും ജഡേജയ്ക്കുമൊപ്പം കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടി. അവസാന ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്ന ജയന്ത് യാദവും ശ്രേയസ് അയ്യരും ലങ്കന്‍ പര്യടനത്തിനുള്ള ടീമിലില്ല. ജൂലൈ 26 നാണ് മൂന്ന് ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത്. അഞ്ച് ഏകദിനവും ഒരു 20-ട്വന്റിയും ഇന്ത്യ ലങ്കയ്‌ക്കെതിരെ കളിക്കും. ആദ്യ മത്സരം 26 ന് ഗോളിലാണ്. രണ്ടാം ടെസ്റ്റ് കൊളംബോയില്‍ ഓഗസ്റ്റ് മൂന്നിനും മൂന്നാം ടെസ്റ്റ് 12ന് കാന്‍ഡിയിലും ആരംഭിക്കും.

ടീം: വിരാട് കോഹ്‌ലി, മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, ആര്‍ അശ്വിന്‍, രവീന്ദ്രജഡേജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്.