സെന്‍കുമാറിനെ ‘പിടിക്കാന്‍’ തീവ്രശ്രമവുമായി ബിജെപി; എംടി രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു

single-img
10 July 2017

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലുള്ള സംഘം സെന്‍കുമാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിക്കാനാണ് സന്ദര്‍ശനമെന്നാണ് സൂചന.

അതേസമയം ഇതൊരു സൗഹൃദ സന്ദര്‍ശനമാണെന്നും സെന്‍കുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും എം.ടി. രമേശ് പറഞ്ഞു. സെന്‍കുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം നടന്നു. പാര്‍ട്ടിയില്‍ എത്തുന്നതു സംബന്ധിച്ച നിലപാടു വ്യക്തമാക്കേണ്ടതു സെന്‍കുമാറാണ്. അദ്ദേഹത്തിന്റെ വസ്തുതാപരമായ പ്രസ്താവന രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നും എം.ടി. രമേശ് പറഞ്ഞു.

സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ടി രമേശ് സെന്‍കുമാറിനെ
ഔദ്യോഗികമായി ക്ഷണിക്കാനായി വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസിനെ ഇസ്‌ലാമിക് സ്റ്റേറ്റ്ുമായി ഉപമിക്കാനാകില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് ബിജെപിയിലേക്കു പോകുന്നതിന്റെ മുന്നോടിയായിട്ടാണെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ ഒരു പാര്‍ട്ടിയിലും തല്‍ക്കാലം ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിയിലോ കോണ്‍ഗ്രസിലോ സിപിഎമ്മിലോ എന്തായാലും എത്തില്ലെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.