സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കരിപ്പൂരില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി

single-img
10 July 2017

കോഴിക്കോട്: സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വയനാട് പൊഴുതന സ്വദേശി ജയപ്രകാശിന്റെ (58) മൃതദേഹം ഇന്ന് രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് 9.30ന് ജന്മനാടായ പൊഴുതന അച്ചൂരിലെത്തിച്ചു. വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും.

പൊഴുതന അച്ചൂര്‍ സ്വദേശി ജയപ്രകാശ് 26 വര്‍ഷമായി സൗദി അറേബ്യയിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് വീണ്ടും ഒരു മാസം മുമ്പാണ് ദമാമിലേക്ക് പോയത്. ജൂണ്‍ 12നാണ് മരിച്ചത്. വിമാനത്താവളങ്ങള്‍ പുതുതായി പ്രഖ്യാപിച്ച വ്യവസ്ഥയുടെ പേരുപറഞ്ഞ് അനുമതി നിഷേധിച്ചതിനാലാണ് മൃതദേഹം കൊണ്ടുവരാന്‍ ഇത്രയും വൈകിയത്. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം എത്തിക്കാന്‍ നടപടിയുണ്ടായത്.