റിവോള്‍വര്‍ റാണിക്ക് ഒടുവില്‍ മാംഗല്യം: വിവാഹവേദിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ കാമുകനെ തന്നെ ‘കെട്ടി’

single-img
10 July 2017

കാണ്‍പൂര്‍: കല്യാണമണ്ഡപത്തില്‍ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയതിലൂടെ റിവോള്‍വര്‍ റാണി എന്ന പേരില്‍ പ്രശസ്തയായ വര്‍ഷ സാഹുവിന് ഒടുവില്‍ പ്രണയസാഫല്യം…കാണ്‍പൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഹമീര്‍പൂരിലെ മാതാ ചൗരാ ക്ഷേത്രത്തില്‍ വെച്ച് കാമുകന്‍ അശോക് യാദവ് വര്‍ഷയുടെ കഴുത്തില്‍ മിന്നുകെട്ടി.

കഴിഞ്ഞ മേയ് 15ന് ബുന്ദേല്‍ഖണ്ഡിലെ വിവാഹ ചടങ്ങിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. മറ്റൊരു യുവതിയുമായുള്ള അശോകിന്റെ വിവാഹം നടന്നുകൊണ്ടിരിക്കെ വേദിയില്‍ തോക്കുമായെത്തിയ വര്‍ഷ, അതിഥികള്‍ നോക്കി നില്‍ക്കെ അശോകിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അശോകും വധുവും പരസ്പരം വരണമാല്യം ചാര്‍ത്തിയിരുന്നു. എന്നാല്‍, പരമ്പരാഗതമായ ഏഴ് വിവാഹ പ്രതിജ്ഞ ചൊല്ലുന്നതിനായി തയ്യാറെടുക്കുന്നതിനിടെ അശോകിന്റെ തലയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂടെ കൊണ്ടുപോവുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ അതിഥികളാരും എതിര്‍ത്തതുമില്ല.

എട്ട് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയശേഷം ബന്ധത്തില്‍ നിന്ന് അശോക് പിന്‍മാറുകയും മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇയാളെ കണ്ടെത്താന്‍ പല രീതിയില്‍ വര്‍ഷ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അശോക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം മനസിലാക്കിയ വര്‍ഷ വിവാഹപ്പന്തലില്‍ നിന്നും അശോകിനെ സിനിമാ സ്‌റ്റൈലില്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു.

രണ്ടു ദിവസത്തിന് ശേഷം ബണ്ടയില്‍ നിന്ന് ഇരുവരേയും പൊലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലൂ യാദവ് അശോകിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അശോകിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജൂലായ് ഏഴിനാണ് യാദവിന് ജാമ്യം ലഭിച്ചത്. അതേസമയം, അശോകിന്റെ വീട്ടുകാര്‍ വര്‍ഷയ്‌ക്കെതിരെ പരാതിയൊന്നും നല്‍കിയിരുന്നില്ല. അശോകിനെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ മുന്‍കൈ എടുത്തതും അഭിഭാഷകനെ ഏര്‍പ്പെടുത്തിയതുമെല്ലാം വര്‍ഷ തന്നെ ആയിരുന്നു.

ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ വര്‍ഷയുടെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തപ്പോള്‍ യാദവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ആരും പങ്കെടുത്തില്ല. ഇങ്ങനെയൊരു നിമിഷത്തിന് വേണ്ടി തനിക്ക് ഏറെ സഹിക്കേണ്ടി വന്നതായും തന്റെ ആഗ്രഹം സഫലമായതില്‍ സന്തോഷമുണ്ടെന്നും വര്‍ഷ പറഞ്ഞു. ആദ്യം അശോകിനെ വിവാഹവേദിയില്‍ നിന്ന് തട്ടിക്കൊണ്ടു പോവേണ്ടി വന്നു. പിന്നീട് അദ്ദേഹത്തെ ജയിലില്‍ നിന്ന് പുറത്തിറക്കേണ്ടി വന്നുവെന്നും വര്‍ഷ പറഞ്ഞു. വര്‍ഷയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അശോക് യാദവും പ്രതികരിച്ചു.