രാഹുല്‍ ഗാന്ധിയും ചൈനീസ് അംബാസഡറും കൂടിക്കാഴ്ച നടത്തി?; വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്

single-img
10 July 2017


ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയിമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായുള്ള വിവരം ചൈനീസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. എന്നാല്‍ വാര്‍ത്തക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റ് തന്നെ പോസ്റ്റ് നീക്കം ചെയ്തു. ഈമാസം എട്ടിനായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ചയെന്നായിരുന്നു വെബ്‌സൈറ്റില്‍ .

നിലവിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നും വെബ്‌സൈറ്റ് വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളും വെബ്‌സൈറ്റിലൂടെ പുറത്തുവന്നിരുന്നു. അതേസമയം കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത സ്ഥിതീകരിക്കാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല. വാര്‍ത്ത നിഷേധിച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, കേന്ദ്രമന്ത്രിമാരുടെ ചൈനീസ് സന്ദര്‍ശനത്തേയും ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷീ ചിന്‍പിങ്ങിനെ കണ്ടതിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിവാദമുണ്ടാക്കാനായി വിദേശകാര്യമന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗവും ഒത്തുചേര്‍ന്ന് നടത്തുന്ന നീക്കമാണ് വാര്‍ത്തയുടെ പിന്നിലെന്നും സുര്‍ജേവാല പറഞ്ഞു.