ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം: ഖത്തര്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും

single-img
10 July 2017

അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ഇതിനായി അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം രാജ്യത്തിന് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഈടാക്കാനാണ് അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതെന്ന് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫെത്തയിസ് അല്‍ മെറി പറഞ്ഞു.

ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അല്‍മെറി ഇക്കാര്യം വിശദീകരിച്ചത്. ഇതിനായി രാജ്യത്ത് കോമ്പന്‍സേഷന്‍ ക്ലെയിം കമ്മറ്റി രൂപീകരിക്കും. ഉപരോധത്തെ തുടര്‍ന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും വ്യക്തിഗതമായും സംഭവിച്ച നഷ്ടം ഈടാക്കാന്‍ പ്രത്യേകം പരാതികള്‍ നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്‌സ്, മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.