പമ്പുകളില്‍ ‘നോ സ്റ്റോക്ക്’ ബോര്‍ഡുകള്‍: എണ്ണ തീര്‍ന്ന് യാത്രക്കാര്‍ പെരുവഴിയില്‍

single-img
10 July 2017

സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷം. നാളത്തെ പമ്പ് പണിമുടക്ക് മുന്നില്‍ കണ്ട് വാഹനങ്ങളില്‍ കൂടുതല്‍ ഇന്ധനം ആളുകള്‍ നിറച്ചതോടെ മിക്ക പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നു. ‘നോ സ്റ്റോക്ക്’ ബോര്‍ഡുകള്‍ സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ യാത്ര തുടങ്ങിയവരും ദീര്‍ഘദൂര യാത്രക്കാരും ഇതോടെ ഇന്ധനത്തിനായുള്ള ഓട്ടത്തിലാണ്. പ്രൈവറ്റ് ബസുകളും ടാക്‌സി വാഹനങ്ങളും ഇന്ധനം ശേഖരിച്ചു വെച്ചില്ലെങ്കില്‍ റോഡില്‍ ഇറക്കാന്‍ പറ്റാത്ത അവസ്ഥയാകും.

പല പമ്പുകളിലും സ്റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിര്‍ത്തിവച്ചിരുന്നു. ഇതോടെ ഇന്ധനം തീര്‍ന്നതിനാല്‍ സംസ്ഥാനത്തെ മിക്ക പമ്പുകളും ഇപ്പോള്‍ തന്നെ അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. നാളത്തെ പണിമുടക്ക് കഴിഞ്ഞ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമേ പമ്പുകളില്‍ ഇന്ധനം വീണ്ടും എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. ഇത് ജനങ്ങളെ വലയ്ക്കും എന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട്.

ഇന്ധനവില ദിവസേന പരിഷ്‌കരിക്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പെട്രോള്‍ പമ്പ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതലാണ് സമരം തുടങ്ങുന്നത്. 24 മണിക്കൂര്‍ സമരം ചൊവ്വാഴ്ച അര്‍ധരാത്രി 12ന് മാത്രമേ അവസാനിക്കൂ.

ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തില്‍ വന്‍ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു പ്രതിഷേധം. എണ്ണക്കമ്പനികളോ പെട്രോളിയം മന്ത്രാലയമോ വില നിര്‍ണയം സംബന്ധിച്ച സുതാര്യമായ വെളിപ്പെടുത്തല്‍ പൊതുജനത്തിനു നല്‍കുന്നില്ല. ഡീലര്‍മാരുടെ കമ്മിഷന്‍ വര്‍ധിപ്പിക്കണം എന്നും സംഘടനാ നേതൃത്വം പറഞ്ഞു.