നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിഞ്ഞു: അറസ്റ്റിലാകുന്നത് ആരൊക്കെ?

single-img
10 July 2017

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയാക്കി അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനൊരുങ്ങി അന്വേഷണ സംഘം. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞുവെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍തന്നെ കര്‍ശന നടപടി ഉണ്ടാകുമെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.

കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി അടിക്കടി മൊഴികള്‍ മാറ്റിയതോടെ അയാള്‍ നല്‍കുന്ന മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗൂഢാലോചന കേസ് ആയതിനാല്‍ നേരിയ പിഴവ് ഉണ്ടായാല്‍ പോലും പ്രതികള്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടാമെന്നിരിക്കേ എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്നലെ ആലുവയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ രഹസ്യയോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി.

സി.ബി.ഐയിലും മറ്റും പ്രവര്‍ത്തിച്ച് പരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലും എ.ഡി.ജി.പി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലുമാണ് അന്വേഷണം നടന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലുകളും വിലയിരുത്തലുകളും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു കാര്യവും പുറത്തുപോകാതെ അതീവ രഹസ്യമായാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കേസില്‍ ആരോപണ വിധേയനായ നടനേയും സംവിധായകനേയും അടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇനി കൂടുതല്‍ ചോദ്യം ചെയ്യലുകളുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പോലീസ്. അതേസമയം, പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയെന്ന് പറയുന്ന കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായില്ലെന്നാണ് വിവരം. ശാസ്ത്രീയ തെളിവുകളുടെയും അന്വേഷണ മികവിന്റേയും അടിസ്ഥാനത്തില്‍ ഇനി അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോകാമെന്ന തീരുമാനമാണ് പോലീസ് എടുത്തിരിക്കുന്നത്.