സെന്‍കുമാറിനെ ‘റാഞ്ചാന്‍’ ബിജെപി: സ്വാഗതം ചെയ്ത് കുമ്മനം; നിലപാട് വ്യക്തമാക്കാതെ മുന്‍ പോലീസ് മേധാവി

single-img
10 July 2017

കോട്ടയം: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തി. സെന്‍കുമാറിനെ പോലുള്ളവര്‍ ബിജെപിയിലേക്കു വരുന്നതു പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ ചേരുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ ജനസംഖ്യ വിസ്‌ഫോടകമായ ഒരു സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. മതതീവ്രവാദത്തെക്കുറിച്ച് സെന്‍കുമാര്‍ പറഞ്ഞത് വസ്തു നിഷ്ടമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം ദീര്‍ഘകാലം പൊലീസ് സേനയില്‍ പ്രവര്‍ത്തിച്ച് കിട്ടിയ പരിചയത്തിന്റെയും അനുഭവ സമ്പത്തിന്റെയും അടിസ്ഥാനത്തിലാണ്. ഡിജിപിയായിരുന്ന ഒരാള്‍ പറയുന്ന കാര്യങ്ങള്‍ ലാഘവ ബുദ്ധിയോടെ തള്ളിക്കളയാനാകില്ല. സെന്‍കുമാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.