കുല്‍ഭൂഷന്റെ അമ്മയുടെ വിസ: പാക്ക് വിദേശകാര്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്

single-img
10 July 2017

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി സര്‍താജ് അസീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുഷമസ്വരാജ്. ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ തടങ്കലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മക്ക് പാക്കിസ്ഥാന്‍ വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സുഷമയുടെ വിമര്‍ശനം. ജാദവിനെ കാണുന്നതിനായി പാക്കിസ്ഥാനിലേക്ക് പോകുന്നതിനായി അമ്മ അവന്തിക ജാദവിന് വിസ നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കത്തിന് മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിക്കുകയായിരുന്നു. ‘ഞാന്‍ അയച്ച കത്ത് കിട്ടിയെന്ന് സ്ഥിരീകരിക്കാനുള്ള സാമാന്യമര്യാദ പോലും അസീസ് കാണിച്ചില്ല. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് എന്നെ സമീപിക്കുന്ന പാക്കിസ്ഥാന്‍ പൗരന്‍മാരെ അവരുടെ വികാരങ്ങള്‍ മനസ്സിലാക്കി സഹായിക്കാനുള്ള മാന്യത എന്നും കാണിച്ചിട്ടുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍താജ് അസീസിന്റെ അഭ്യര്‍ഥന ഞാന്‍ അംഗീകരിച്ചുട്ടുണ്ടെന്നത് മറക്കരുതെന്ന് സുഷമ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണെ ബലൂചിസ്ഥാനില്‍ നിന്നും പാകിസ്ഥാന്‍ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാക് കോടതിയുടെ വധശിക്ഷാ വിധി മറികടന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.