വാഹനത്തില്‍ വേഗം ഇന്ധനം നിറച്ചോളൂ: കേരളം പെട്രോള്‍, ഡീസല്‍ ക്ഷാമത്തിലേക്ക്

single-img
10 July 2017

കോഴിക്കോട്: ഇന്ധനവില ദിവസേന പരിഷ്‌കരിക്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പമ്പുകള്‍ അടച്ചിടും. പമ്പ് സമരം 24 മണിക്കൂറില്‍ അവസാനിച്ചാലും സംസ്ഥാനത്ത് ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ഇന്ധനക്ഷാമം നേരിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് സമരം. പല പമ്പുകളിലും സ്റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിര്‍ത്തി; ‘നോ സ്റ്റോക്ക്’ ബോര്‍ഡുകള്‍ ഉയര്‍ന്നു. ഇനി ബുധനാഴ്ചയാണ് സ്റ്റോക്ക് എത്തുക. നാളെ പമ്പുകളില്‍ വില്‍പന മാത്രമല്ല, വാങ്ങലും ഇല്ലാത്തതിനാല്‍ ടാങ്കര്‍ ലോറികള്‍ ലോഡ് എടുക്കുന്നതും നിര്‍ത്തി.

ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തില്‍ വന്‍ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു പ്രതിഷേധം. എണ്ണക്കമ്പനികളോ പെട്രോളിയം മന്ത്രാലയമോ വില നിര്‍ണയം സംബന്ധിച്ച സുതാര്യമായ വെളിപ്പെടുത്തല്‍ പൊതുജനത്തിനു നല്‍കുന്നില്ല. ഡീലര്‍മാരുടെ കമ്മിഷന്‍ വര്‍ധിപ്പിക്കണം എന്നും സംഘടനാ നേതൃത്വം പറഞ്ഞു.