മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരന്‍: ‘ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായി കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയിട്ടുണ്ട്’

single-img
10 July 2017

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. താനും തലശേരി ബ്രണ്ണന്‍ കോളേജിലാണ് പഠിച്ചത്. അന്നവിടെ എബിവിപിയും ആര്‍എസ്എസും ഇല്ല. സംഘപരിവാറുകാരുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ പിണറായി നടന്നു പോയത് എപ്പോഴാണെന്ന് അറിയില്ല. എന്നാല്‍ വിജയന്‍ അന്ന് കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയിട്ടുള്ള കാര്യം തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.

താന്‍ സംസാരിക്കുന്നത് പോലെ ഒഴുക്കോടെ പത്തുമിനിറ്റ് സംസാരിച്ചാല്‍ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കും. അതുകൊണ്ടാണ് അദ്ദേഹം നിര്‍ത്തി നിര്‍ത്തി, ആലോചിച്ചുറപ്പിച്ച് ഓരോ വാക്കും സംസാരിക്കുന്നത്. ജനങ്ങളോട് സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഭാഷ സംസാരിക്കാന്‍ പിണറായിക്ക് അറിയില്ല.

ചിരിക്കാന്‍ അറിയില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം സെക്രട്ടേറിയറ്റില്‍ ഈച്ച പറക്കാത്ത സ്ഥിതിയാണ്. സിവില്‍ സര്‍വീസുകാര്‍ക്കും ഇടയില്‍ ഗ്രൂപ്പുണ്ടാക്കുകയാണ് പിണറായി ചെയ്തതെന്നും ഇതുമൂലം ഭരണം നടക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഡിസിസിയുടെ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു സുധാകരന്‍.