ജിയോ വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു: നിഷേധിച്ച് റിലയന്‍സ് ജിയോ

single-img
10 July 2017

രാജ്യത്തെ മുന്‍നിര ടെലികോം ഭീമനായ റിലയന്‍സ് ജിയോയുടെ 12 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഒരു വെബ്‌സൈറ്റാണ് ജിയോ ഉപയോക്താക്കളുടെ വിലപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഉപയോക്താവിന്റെ പേര്, ഇമെയില്‍ വിലാസം, ആധാര്‍ നമ്പര്‍, സിംകാര്‍ഡ് ആക്ടിവേറ്റ് ചെയ്ത ദിവസം, ഏതു സര്‍ക്കിള്‍ എന്നിവയാണ് http://www.magicapk.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വെബ്‌സൈറ്റ് പീന്നീട് നീക്കം ചെയ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ചയാണിതെന്നാണ് കണക്കാക്കുന്നത്.

വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ റിലയന്‍സ് ജിയോ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും വാദം അടിസ്ഥാന രഹിതമാണെന്നും റിലയന്‍സ് ജിയോ പ്രതികരിച്ചു. എന്നാല്‍, ഈ സംഭവത്തിന്റെ പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഐപി അഡ്രസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വിവരങ്ങള്‍ പുറത്തുവിട്ടത് മുംബൈയില്‍നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവരങ്ങള്‍ പുറത്തുവിട്ട വെബ്‌സൈറ്റ് മൊബൈല്‍ റീച്ചാര്‍ജിംഗുമായി ബന്ധപ്പെട്ടതായേക്കാമെന്ന സംശയത്തിലാണ് ജിയോ. ഈ വെബ്‌സൈറ്റ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അന്വേഷിച്ചു വരികയാണെന്നും തെറ്റായ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രചരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്നും ജിയോയുടെ വക്താവ് അറിയിച്ചു.