കോഴിക്കച്ചവടക്കാരുടെ സമരത്തെ നേരിടേണ്ടത് ജനങ്ങളെന്ന് ധനമന്ത്രി; ‘കെപ്‌കോ വഴി കുറഞ്ഞ വിലയ്ക്ക് കോഴി വില്‍ക്കും’

single-img
10 July 2017

തിരുവനന്തപുരം: കോഴിക്കച്ചവടക്കാര്‍ കടയടച്ചിട്ട് നടത്തുന്ന സമരത്തെ നേരിടേണ്ടത് ജനങ്ങളാണെന്ന് ധനമന്ത്രി തോമസ് ഐസക്. കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങില്ല. വില നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും സര്‍ക്കാര്‍ നേരത്തെ തന്നെ വ്യാപാരികളെ അറിയിച്ചിരുന്നതാണ്. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. വില നിയന്ത്രിക്കുന്നത് കുത്തക കമ്പനികളാണെന്നും തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനമായ കെപ്‌കോ വഴി കുറഞ്ഞ വിലയ്ക്ക് കോഴി വില്‍ക്കും. ജിഎസ്ടിയിലൂടെ ലഭിക്കുന്ന നികുതി ഇളവ് ഉപഭോക്താവിന് അവകാശപ്പെട്ടതാണ്. കേരളത്തിലെ ജനങ്ങള്‍ ഇതൊരു ചെറുത്തുനില്‍പ്പായി കരുതി അല്‍പ്പം പ്രയാസം സഹിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനിടെ വില 87 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴി വ്യാപാരികള്‍ കടകളടച്ച് സമരം നടത്തുകയാണ്. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുംവരെ സമരം നടത്താനാണ് സമരക്കാരുടെ തീരുമാനം.