പടപൊരുതാന്‍ എത്തിയവര്‍ ഒടുവില്‍ നദിയില്‍ ചാടി ജീവനൊടുക്കുന്നു; ഐഎസിന്റെ കടപുഴകി

single-img
10 July 2017

മൊസൂള്‍: ഇറാഖി സേന മൊസൂള്‍ നഗരം തിരിച്ചു പിടിച്ചതിനെ തുടന്ന് ശക്തി ക്ഷയിച്ച ഐഎസ് തീവ്രവാദികള്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖ് സൈന്യം മൊസൂളിലെ ടൈഗ്രിസ് നദിക്കര വരെ എത്തിയതോടെയാണ് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഭീകരര്‍ നദിയില്‍ ചാടി മരിക്കുന്നത്. 2014 മുതല്‍ ഐ.എസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു മൊസൂള്‍ നഗരം. ഐഎസിന്റെ ആസ്ഥാനം കൂടിയായിരുന്നു ബാഗ്ദാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള മൊസൂള്‍. ഇവിടുത്തെ അല്‍ നൂറി പള്ളിയില്‍ വച്ചാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി 2014ല്‍ സ്വയം ഖലീഫയാക്കി പ്രഖ്യാപിച്ചത്.

മൊസൂള്‍ നഗരം തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സഖ്യസേനയുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സൈനിക നീക്കമാണ് ഇന്നലെ വിജയം കണ്ടത്. ജൂണ്‍ 19 മുതലാണ് മൊസൂളിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കം ഇറാഖ് സൈന്യം ശക്തമാക്കിയത്. ജൂണ്‍ അവസാനത്തോടെ സാധാരണക്കാരെ പരമാവധി സുരക്ഷിത മേഖലയിലേക്ക് മാറ്റാന്‍ സൈന്യത്തിനായി. നാലുവശവും വളഞ്ഞ ഇറാഖി സൈന്യം ഭീകരരെ കൊന്നൊടുക്കി.

പോരാട്ടം കനത്തതോടെ ഐഎസ് ക്രൂരതയും അതിരുവിട്ടു. ഇന്ത്യക്കാരടക്കം നിരവധിപേരെ ഐഎസ് ഇവിടെ തടവിലാക്കിയിരുന്നു. സാധാരണക്കാരെ മനുഷ്യകവചമാക്കിയും ചാവേര്‍ സ്‌ഫോടനങ്ങളിലൂടെയും ഭീകരര്‍ തിരിച്ചടിച്ചു. ഗ്രാന്‍ഡ് അല്‍ നൂറി മസ്ജിദ് തകര്‍ത്തു. പൗരാണിക എടുപ്പുകള്‍ തച്ചുടച്ചു. സഖ്യസേനയുടെ ആക്രമണത്തിലും ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. തെരുവുകളില്‍ ഭീകരരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. ഇറാഖ് സേനയിലും കനത്ത ആള്‍നാശം ഉണ്ടായി. 40 ശതമാനത്തോളം സൈനികര്‍ക്കു ജീവഹാനി സംഭവിച്ചെന്നാണ് കണക്ക്.

മൂന്നുമാസം നീണ്ട പോരാട്ടത്തിലൂടെ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഭീകരരില്‍ നിന്നു മോചിതമായെങ്കിലും ടൈഗ്രിസ് നദീ തീരത്തെ മനോഹരമായ ഈ പൗരാണിക നഗരം വെറും മണ്‍കൂനയായി മാറി. മൊസൂള്‍ നഗരത്തിന്റെ കിഴക്കന്‍ മേഖലയെക്കാള്‍ 30 മടങ്ങ് അധികം നാശമാണ് പടിഞ്ഞാറന്‍ മേഖലയില്‍ സംഭവിച്ചിരിക്കുന്നതെന്ന് നിനവെയുടെ ഗവര്‍ണര്‍ നൗഫല്‍ അല്‍ ഹമദ് അറിയിച്ചത്. നിരവധി വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു.

ഐഎസില്‍നിന്നു കഴിഞ്ഞ മൂന്നു വര്‍ഷമായി മോചിപ്പിച്ചെടുത്ത സ്ഥലങ്ങളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തിയപ്പോള്‍ 100 ബില്യണ്‍ യുഎസ് ഡോളറിലധികം വന്നുവെന്നാണ് കണക്ക്. നഗരത്തെ പുനരുദ്ധരിക്കാന്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഒരുങ്ങുകയാണ് ഇറാഖ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പടിഞ്ഞാറന്‍ യൂറോപ്പിനെ പുനരുദ്ധരിച്ചതുപോലെ ഐഎസിനുശേഷമുള്ള ഇറാഖിനെ പുനര്‍നിര്‍മിക്കാന്‍ കൃത്യമായ സാമ്പത്തിക പദ്ധതിയൊരുക്കാന്‍ ഇറാഖ് വിദേശകാര്യമന്ത്രാലയം യുഎസിനോട് ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദത്തെ പരാജയപ്പെടുത്തിയശേഷം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ രാജ്യാന്തര സമൂഹത്തിന്റെ ഒന്നാകെയുള്ള പിന്തുണയും ഇറാഖ് അന്ന് ആവശ്യപ്പെട്ടിരുന്നു.