ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന; ഭൂട്ടാനില്‍ ഇന്ത്യ ഇടപെട്ടാല്‍ കശ്മീരില്‍ ചൈനയും ഇടപടും

single-img
10 July 2017

ബീജിംഗ്: ചൈന-ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ദൊക്‌ലാം മേഖലയില്‍ സൈന്യത്തെ അയച്ച ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് വിദഗ്ദ്ധര്‍. ഭൂട്ടാനും ചൈനയും തമ്മിലുള്ള തര്‍ക്ക പ്രദേശമായ ദൊകഌം ഏരിയയില്‍ ചൈനയുടെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയ ഇന്ത്യയുടെ തന്ത്രത്തിനു സമാനമായി ചൈനീസ് സൈന്യത്തിന് കശ്മീരിലും പ്രവേശിക്കാമെന്ന ഭീഷണിയുമായാണ് ചൈന രംഗത്തുവന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ ഇടപെടലിന് സമാനമായി പാകിസ്താന്‍ ആവശ്യപ്പെട്ടാല്‍ ഒരു മൂന്നാം രാജ്യത്തിന്റെ സൈന്യത്തിന് ഇന്ത്യന്‍ അധീന കശ്മീരില്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന് ചൈന വ്യക്തമാക്കി.

ഇന്ത്യ, ഭൂട്ടാന്‍, ടിബറ്റ് ട്രൈജംഗ്ഷനില്‍ വരുന്ന പ്രദേശമാണ് ദൊകഌം. ചൈന ഇവിടെ റോഡ് നിര്‍മ്മിക്കുന്നതിനെ ഇന്ത്യ രൂക്ഷമായി എതിര്‍ത്തിരുന്നു. ഭൂട്ടാന്റെ മേഖലയെ പ്രതിരോധിക്കാന്‍ ഇന്ത്യയോട് ഭൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊരു തര്‍ക്ക മേഖലയല്ല. അതുകൊണ്ട് തര്‍ക്കപ്രദേശത്ത് ഇന്ത്യ പ്രവേശിക്കരുതെന്നും ഇന്ത്യ ഇവിടെ ഇറങ്ങുകയാണെങ്കില്‍ അതു നേരത്തേ നിര്‍ണയിച്ച അതിര്‍ത്തിയില്‍ മാത്രമേ ആകാവൂ. മറിച്ചാണെങ്കില്‍ പാക്ക് സര്‍ക്കാരിന്റെ ആവശ്യം അനുസരിച്ചു മൂന്നാമതൊരു രാജ്യത്തിന്റെ സൈന്യം കശ്മീരില്‍ പ്രവേശിക്കുമെന്നും വെസ്റ്റ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസിലെ ഡയറക്ടര്‍ ലോംഗ് സിംഗ് ചുന്‍ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിന് നല്‍കിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

ഭൂട്ടാന്റെ നയതന്ത്രത്തില്‍ ഇടപെട്ടുകൊണ്ട്, ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു. ഭൂട്ടാനിലേയ്ക്കും നേപ്പാളിലേയ്ക്കും വന്‍തോതില്‍ ഇന്ത്യക്കാര്‍ കുടിയേറുന്നത് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളെ ബാധിക്കുന്നു. സിക്കിമിനെപ്പോലെ ഒരു ഇന്ത്യന്‍ സംസ്ഥാനമായി ഭൂട്ടാനും നേപ്പാളും മാറാതിരിക്കാനാണ് ഈ രാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

ദക്ഷിണേഷ്യയില്‍ ഇന്ത്യ പുലര്‍ത്താന്‍ ശ്രമിക്കുന്ന ‘അധീശത്വപരമായ നയതന്ത്രം’ അന്താരാഷ്ട്ര നിയമങ്ങളെയും കീഴ് വഴക്കങ്ങളെയും ലംഘിച്ചുകൊണ്ടുള്ളതാണ്. 2015 ല്‍ നേപ്പാളിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉള്‍പ്പെടെ ഇന്ത്യ ദക്ഷിണേഷ്യയിലെ ചെറിയ രാജ്യങ്ങളുടെ മേല്‍ കാട്ടുന്ന അധീശത്വത്തിനെതിരെ പടിഞ്ഞാറന്‍ സര്‍ക്കാരും മാധ്യമങ്ങളും മിണ്ടാതിരിക്കുകയാണ്. എന്നാല്‍ ചൈനയുടെ നിലപാട് ഇതിനകം യുഎന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ചൈന റോഡുകളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നത് ഇന്ത്യയും പാകിസ്താനും അവകാശവാദം ഉന്നയിക്കുന്ന പാക് അധീന കശ്മീരില്‍ ആണെന്നത് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ദോകഌം തര്‍ക്കത്തില്‍ ഒട്ടേറെ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും അതൊന്നും ചൈനയെ ഭയപ്പെടുത്തുന്നില്ലെന്നും ഗ്ലോബല്‍ ടൈംസിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു.