മലക്കംമറിഞ്ഞ് കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

single-img
10 July 2017

ന്യൂഡല്‍ഹി: ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ ചൈനീസ് അംബാസിഡര്‍ ലുവോ സാവോഹുയിമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡറുമായും ഭൂട്ടാന്‍ അംബാസിഡറുമായും കൂടിക്കാഴ്ച നടത്തിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയതില്‍ എന്താണ് പ്രശ്‌നമുള്ളതെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.

ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായുള്ള വിവരം ചൈനീസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡര്‍ ലുവോ ഷവോഹിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വെബ്‌സൈറ്റില്‍. എന്നാല്‍ കോണ്‍ഗ്രസ് ആദ്യം ഈ വാര്‍ത്ത നിഷേധിക്കുകയാണുണ്ടായത്.

ജൂലൈ എട്ടിനായിരുന്നു ചൈനീസ് അംബാസിഡറുമായുള്ള കൂടിക്കാഴ്ച. രാഹുലിന്റെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിനും വാര്‍ത്താവിനിമയ മന്ത്രാലയത്തിനും വേണ്ടി തയാറാക്കിയ വ്യാജ വാര്‍ത്തയാണ് ഇതെന്നായിരുന്നു രണ്‍ദീപ് സിങ് സുര്‍ജേവാല നേരത്തെ ആരോപിച്ചത്.

അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മൂന്ന് കേന്ദ്രമന്ത്രിമാര്‍ ചൈന സന്ദര്‍ശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതൊന്നും ചോദ്യം ചെയ്യാതെ കോണ്‍ഗ്രസിനെതിരെ വ്യാജ വാര്‍ത്തയുണ്ടാക്കുകയാണ് രാജഭക്തരെന്നും സുര്‍ജേവാല നേരത്തെ വിമര്‍ശിച്ചിരുന്നു.