കോളേജ് അധ്യാപകര്‍ക്ക് കോളടിച്ചു: ശമ്പളം കൂട്ടി; അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം 57,700 രൂപ, അസോസിയേറ്റ് പ്രൊഫസര്‍ക്ക് 1,31,400

single-img
10 July 2017

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലേയും കോളേജുകളിലേയും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചു. നിലവിലെ ശുപാര്‍ശ പ്രകാരം ശമ്പളം 22 മുതല്‍ 28 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച് യുജിസി നല്‍കിയ ശുപാര്‍ശ ഈ മാസംതന്നെ മന്ത്രിസഭ അംഗീകരിക്കും. പുതിയ ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം 10,396 രൂപ വര്‍ധിച്ച് 57,700 രൂപയാകും. അസോസിയേറ്റ് പ്രൊഫസര്‍ക്ക് 23,662 രൂപ വര്‍ധിച്ച് 1,31,400 രൂപയാകും. എന്നാല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. പുതുക്കിയ ശമ്പളഘടനയില്‍ മൂന്നുവര്‍ഷത്തേക്ക് 70,000 കോടി രൂപ സര്‍ക്കാരിന് അധികമായി വേണ്ടി വരും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക തുല്യമായി വഹിക്കും. കേന്ദ്രസംസ്ഥാന സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍, സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളായ ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയവയിലെ 8,00,000ത്തോളം അധ്യാപക അനധ്യാപക ജീവനക്കാരുടെ ശമ്പളമാണ് പരിഷ്‌ക്കരണത്തിലൂടെ വര്‍ധിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട്് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ശമ്പള ഘടനയിലാണ് ശമ്പളം നല്‍കുന്നത്. എന്നാല്‍ രണ്ടു ശുപാര്‍ശകളും സര്‍ക്കാര്‍ ഒരുമിച്ച് പരിഗണിക്കുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമക്കി.

കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠനം നടത്തുന്നതിന് യുജിസി അംഗം വി.എസ് ചൗഹാന്‍ തലവനായ സമിതിയെ കഴിഞ്ഞ വര്‍ഷം നിയോഗിച്ചിരുന്നു. ഈ വര്‍ഷം ആദ്യം സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ശുപാര്‍ശകള്‍ പരിശോധിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിരുന്നു.

അധ്യാപകരുടെ പ്രകടനം വിലയിരുത്തുന്നതിന് നിലവിലുള്ള സംവിധാനം പുനക്രമീകരിക്കണമെന്നും ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. അസോസിയേറ്റ് പ്രൊഫസര്‍, പ്രോഫസര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുന്നതും ശുപാര്‍ശയിലുണ്ട്. നിലവിലെ പോയിന്റ് രീതിക്ക് പകരം ഗ്രേഡിങ് രീതി കൊണ്ടുവരാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.