എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും പ്രമുഖര്‍ തങ്ങളുടെ പാളയത്തില്‍ എത്തുമെന്ന് ബിജെപി; സെന്‍കുമാറിനും ക്ഷണം

single-img
10 July 2017

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. സെന്‍കുമാര്‍ ചരിത്രത്തില്‍ സ്ഥാനമുള്ള ആളാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. നേരത്ത, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു.

പോലീസ് നിയമം അട്ടിമറിക്കുന്ന ഇരുമുന്നണികള്‍ക്കുമുള്ള താക്കീതായി സെന്‍കുമാറിന്റെ പോരാട്ടം. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ ഇത്തരം വ്യക്തിത്വങ്ങള്‍ക്കാകുമെന്നും ശ്രീധരന്‍പിള്ള പറയുന്നു. വിരമിച്ചതിന് ശേഷം പൊതുരംഗത്ത് തുടരുമെന്നാണ് സെന്‍കുമാര്‍ പറഞ്ഞതെന്നും അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ബി.ജെ.പിയാണെന്നും ശ്രീധരന്‍പിള്ള പറയുന്നു. കഴിഞ്ഞ ദിവസം, ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയുടെ പരിപാടിയില്‍ സെന്‍കുമാര്‍ പങ്കെടുത്തിരുന്നു. മാത്രമല്ല, ആര്‍.എസ്.എസിനേയും ഐസിസിനേയും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും സെന്‍കുമാര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥരോ പൊതുസമ്മതരോ മാത്രമല്ല, ഇരുമുന്നണികളില്‍ നിന്നും വൈകാതെ ചില പ്രമുഖര്‍ കൂടി ബി.ജെ.പിയിലെത്തുമെന്നും ശ്രീധരന്‍പിള്ള സൂചന നല്‍കി. ഇടതുവലത് മുന്നണികളിലെ പല പ്രമുഖരും ഉടന്‍തന്നെ ബി.ജെ.പിയിലെത്തും. അതില്‍ ഏഴ് എട്ട് തവണ എം.എല്‍.എമാര്‍ ആയവര്‍ വരെയുണ്ടാവും. വിളിച്ചാല്‍ വരാന്‍ തയ്യാറായി നിരവധി പേര്‍ രണ്ടു മുന്നണികളിലും കാത്തു നില്‍പുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.