‘ബി’ നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം; കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി

single-img
10 July 2017

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തി. എന്നാല്‍ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് തിരുവതാംകൂര്‍ രാജകുടുംബം. നിലവറ തുറക്കുന്നതിന് ആചാരപരമായ തടസ്സങ്ങളുണ്ടെന്ന് രാജകുടുംബം അറിയിച്ചതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമമായി കാണുന്നതെന്ന് രാജകുടുംബം സര്‍ക്കാരിനെ അറിയിച്ചു. ബി നിലവറ തുറക്കണമെന്ന സര്‍ക്കാര്‍ നിലപാട് അറിയിക്കാനാണ് ദേവസ്വംമന്ത്രി കവടിയാര്‍ കൊട്ടാരത്തിലെത്തിയത്. ബി നിലവറ തുറക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി വ്യക്തമാക്കി. എതിര്‍പ്പുണ്ടെന്നും ആചാരപരമായ തടസ്സങ്ങളുണ്ടെന്നുമായിരുന്നു രാജകുടുംബത്തിന്റെ മറുപടി. അമിക്കസ്‌ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കടകംപള്ളി പറഞ്ഞു.