എയര്‍ ഇന്ത്യ ഇനി മുതല്‍ ‘വെജിറ്റേറിയന്‍’: ആഭ്യന്തര ഫ്‌ളൈറ്റുകളിലെ എക്കണോമി ക്ലാസ്സ് യാത്രക്കാര്‍ക്ക് മാംസാഹാരം നിര്‍ത്തലാക്കി

single-img
10 July 2017

ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസില്‍ മത്സ്യമാംസാഹാരം വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് എയര്‍ ഇന്ത്യ. ജൂണ്‍ പകുതിയോടുകൂടിയാണ് ആഭ്യന്തര സര്‍വീസിലെ എക്കണോമി ക്ലാസ്സ് യാത്രക്കാര്‍ക്ക് മത്സ്യ മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്. ചെലവു ചുരുക്കലിന്റെ ഭാഗമായി അധികച്ചെലവുകളും ഭക്ഷണം പാഴാക്കുന്നതും കുറയ്ക്കാന്‍ വേണ്ടിയാണ് പുതിയ നടപടിയെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

‘ഇനി ആഭ്യന്തര ഫ്‌ളൈറ്റുകളിലെ എക്കണോമി ക്ലാസ്സ് യാത്രക്കാര്‍ക്ക് സസ്യാഹാരം വിതരണം ചെയ്താല്‍ മതിയെന്നാണ് ഞങ്ങളുടെ തീരുമാനം. നോണ്‍വെജ് ഭക്ഷണം സസ്യാഹാരികള്‍ക്ക് തെറ്റി നല്‍കുന്ന സങ്കീര്‍ണ്ണതകള്‍ ഇതിലൂടെ ഒഴിവാക്കാമെന്നും’ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനി പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ക്ക് ഈ തീരുമാനം ബാധകമാവില്ല. മാത്രമല്ല ആഭ്യന്തര സര്‍വീസിലെ തന്നെ ബിസിനസ്, എക്‌സിക്യൂട്ടീവ് ക്ലാസ്സുകളെയും ഈ തീരുമാനം ബാധിക്കില്ല.

മാംസാഹാരം നിര്‍ത്തലാക്കിയാല്‍ എയര്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 8 കോടി രൂപ ലാഭിക്കാനാവുമെന്നാണ് കണക്കുകള്‍ പറയുന്നത്. വര്‍ഷം 350400 കോടി രൂപയാണ് കാറ്ററിംഗ് സര്‍വീസിനായി എയര്‍ ഇന്ത്യ ചെലവഴിക്കുന്നത്. 50000 കോടിയിലധികം രൂപ കടം കയറിയ എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് പുതിയ തീരുമാനം.