Latest News

സെന്‍കുമാറിനെ കടന്നാക്രമിച്ച് അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ: ‘സെന്‍കുമാറിന് വേണ്ടി വാദിച്ചതില്‍ നിരാശയും ദു:ഖവും’

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ. സെന്‍കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കില്ലായിരുന്നുവെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു. സെന്‍കുമാറിന് വേണ്ടി വാദിച്ചതില്‍ നിരാശയും ദുഖവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സെന്‍കുമാറിന്‌ വേണ്ടി വാദിച്ചതില്‍ ഒരാള്‍ ദുഷ്യന്ത് ദവെയായിരുന്നു.

കഴിഞ്ഞ ദിവസം ടിപി സെന്‍കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണ് ദുഷ്യന്ത് ദവൈ സെന്‍കുമാറിന്റെ നിലപാടില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന് വിരമിച്ച ശേഷം ടിപി സെന്‍കുമാര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ശേഷിക്കുന്നവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.