‘ബി’ നിലവറ തുറക്കുന്നതില്‍ ഭയപ്പാടെന്തിനെന്ന് വി.എസ്: ‘ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയത് പോലെയാണ് ചിലരുടെ പ്രതികരണം’

single-img
9 July 2017

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വിഎസ് അച്ചുതാനന്ദന്‍. നിലവറ തുറക്കുന്നതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നതെന്നും വിഎസ് ചോദിച്ചു. ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയത് പോലെയാണ് ചില രാജകുടുംബങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് എന്നും വിഎസ് പ്രസ്താവനയില്‍ അറിയിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം രാജാവില്ലെന്നും അതുകൊണ്ട് രാജാവെന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാന്‍ രാജ കുടുംബത്തിനോ, രാജകുടുംബമെന്ന് അവകാശപ്പെടുന്ന ആര്‍ക്കും യാതൊരവകാശവുമില്ലെന്നും 2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയും 2011ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കിയിട്ടുള്ളതാണ്.

അത് ശരിവയ്ക്കുന്ന തരത്തില്‍ രാജകുടുംബങ്ങള്‍ ഉള്‍പ്പെടാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണസംവിധാനം. അതുകൊണ്ടുതന്നെ, സുപ്രിംകോടതിയുടെ നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടതാണ്. ഇതിനു മുമ്പുതന്നെ ബി നിലവറ തുറന്നതായി വിനോദ് റായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും, സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസം നില്‍ക്കുന്നത് സംശയകരമാണ്. ജനഹിതവും ക്ഷേത്ര സ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.

ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന കാരണങ്ങള്‍ പറഞ്ഞാണ് രാജകുടുംബം എതിര്‍ക്കുന്നത്.