സംസ്ഥാനത്ത് ചൊവ്വാഴ്ച കടയടപ്പ് സമരം; ധനമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു

single-img
9 July 2017

ആലപ്പുഴ: ജിഎസ്ടിയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ ചൊവ്വാഴ്ച നടത്താനിരുന്ന സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് സമിതി അറിയിച്ചു. സമരം പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദീന്‍ പറഞ്ഞു.

കേരളത്തില്‍ ജിഎസ്ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് വ്യാപാരി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാവകാശം നല്‍കാനാകില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വ്യാപാര സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ചോദ്യോത്തരങ്ങളടങ്ങിയ പത്രപ്പരസ്യം നല്‍കും. കോഴിവില കുറയ്ക്കാന്‍ കേരളത്തിലെ വ്യാപാരികള്‍ തമിഴ്‌നാട് ലോബിയില്‍ സമര്‍ദം ചെലുത്തണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നാളെ മുതല്‍ കോഴി കച്ചവടക്കാരും സമരത്തിലാണ്. എണ്‍പത്തിയേഴു രൂപയ്ക്കു കോഴിയെ വില്‍ക്കണമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം തമിഴ്‌നാട് ലോബിയെ സഹായിക്കാനാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ധനമന്ത്രി വഴങ്ങാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ പറഞ്ഞു.