ആര്‍എസ്എസ് പാളയത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി ടിപി സെന്‍കുമാര്‍ ?

single-img
9 July 2017

തിരുവനന്തപുരം: ആര്‍എസ്എസിനെ ശക്തമായി പിന്തുണച്ച് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ മുന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാര്‍ സംഘപരിവാറിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. ആര്‍എസ്എസ് പത്രമായ ജന്മഭൂമിയുടെ പ്രതിഭാ സംഗമം പരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയാകുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇനി അറിയേണ്ടത് സെന്‍കുമാറിന്റെ പോക്ക് സംഘപരിവാര്‍ പാളയത്തിലേക്കാണോ എന്നു മാത്രമാണ്.

കഴിഞ്ഞദിവസം മുസ്ലിം സമുദായത്തില്‍ ജിഹാദിനെക്കുറിച്ചുള്ള ധാരണ മറ്റു മതങ്ങളോടു വിദ്വേഷമുണ്ടാക്കുന്ന വിധമാണെന്നുമടക്കം സെന്‍കുമാര്‍ നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വാചകങ്ങളെ കടത്തിവെട്ടുന്നതായിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷ്‌ഗോപി എംപി, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജന്മഭൂമിയുടെ പരിപാടിയില്‍ സെന്‍കുമാറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം സെന്‍കുമാര്‍ ഇപ്പോള്‍ ആര്‍എസ്എസ് ചേരിയിലാണുള്ളതെന്ന് നേരത്തെതന്നെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സെന്‍കുമാറിനോട് പിണറായി സര്‍ക്കാര്‍ ശത്രുതാമനോഭാവത്തോടെ പെരുമാറുന്നുവന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെന്‍കുമാര്‍ ഇപ്പോള്‍ നിങ്ങളുടെ പക്ഷത്തല്ല, ബിജെപി ചേരിയിലേക്ക് നീങ്ങിയ കാര്യം നിങ്ങള്‍ അറിഞ്ഞില്ലെയെന്നും പിണറായി ചോദിച്ചിരുന്നു. മുഖ്യമന്ത്രി സെന്‍കുമാറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരി വെയ്ക്കുന്നതാണ് ഇപ്പോഴത്തെ സെന്‍കുമാറിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും.