കോണ്‍ഗ്രസ്-ലീഗ്-സിപിഐ കൂട്ടുകെട്ട് ഓര്‍മ്മപ്പെടുത്തി ഉമ്മന്‍ ചാണ്ടി: ‘സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായം’

single-img
9 July 2017

കോട്ടയം: സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണി വിപുലീകരിക്കുമെന്ന് പറയുന്ന കോടിയേരി സ്വന്തം മുന്നണിയിലെ ആളുകള്‍ പുറത്ത് പോകാതെ നോക്കണം. സിപിഐയും കോണ്‍ഗ്രസും ലീഗും ഒന്നിച്ച് പ്രവര്‍ത്തിച്ച നാളുകള്‍ ജനമനസിലുണ്ട്.

സ്വന്തം ക്യാമ്പിലെ ആശങ്കകളാണ് സിപിഎം ആദ്യം പരിഹരിക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും സിപിഐയും കോണ്‍ഗ്രസും ലീഗും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയും സിപിഐയുടെ നിലപാടിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ സിപിഐയുടെ പരസ്യപ്രസ്താവനകള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സിപിഐ നേതാക്കളുടെ വിവാദപ്രസ്താവനകള്‍ മുന്നണി ബന്ധങ്ങള്‍ വഷളാക്കുകയാണ്. സിപിഐ ആത്മപരിശോധനയ്ക്ക് തയാറാകണം. വിശാല ഇടത് ഐക്യം മുന്‍നിര്‍ത്തിയാണ് സിപിഎം വിവാദ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാത്തത്. സിപിഎമ്മിന് ഈഗോയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.