കൃഷിചെയ്യാന്‍ മറ്റ് മാര്‍ഗമില്ല; കാളകള്‍ക്ക് പകരം നിലമുഴുതത് കര്‍ഷകന്റെ പെണ്‍മക്കള്‍

single-img
9 July 2017

മധ്യപ്രദേശ്: കര്‍ഷകരുടെ വന്‍ പ്രക്ഷോഭം നടന്ന മധ്യപ്രദേശില്‍ നിന്നും കാര്‍ഷിക രംഗത്തെ ദുരിത ജീവിതത്തെ വരച്ചു കാണിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്ന്. കൃഷിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുന്നതിന്റെ ദയനീയതയാണ് വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടിരിക്കുന്ന ചിത്രത്തില്‍.

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം കൃഷിക്കായി നിലമുഴുന്നതിന് കാളകളെ കിട്ടാതെ വന്നപ്പോഴാണ് സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ കാഹ്ല മക്കളായ രാധിക (14), കുന്തി (11) എന്നിവരെ ഉപയോഗിച്ച് നിലമുഴുതത്. കാര്‍ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സര്‍ദാര്‍ കാഹ്ല പറയുന്നു. ദാരിദ്ര്യം മൂലമാണ് രണ്ട് കുട്ടികളുടെയും പഠനം നിര്‍ത്തേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ദാര്‍ കാഹ്ലയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇത്തരം ജോലികള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്ന് സര്‍ദാര്‍ കാഹ്ലയോട് താക്കീത് നല്‍കി.

കൃഷിനാശവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും മൂലം മധ്യപ്രദേശില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മന്ദ്‌സൗറില്‍ വലിയ കര്‍ഷ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.