ഇറാഖിലെ ഐഎസ് ഭീകരരുടെ അവസാന ശക്തികേന്ദ്രവും തകര്‍ത്തു: മൊസൂള്‍ നഗരം ഇറാഖിസേന പിടിച്ചെടുത്തു

single-img
9 July 2017

ബാഗ്ദാദ്: ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിനെ ഐഎസ് നിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ ഇറാഖി സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒന്‍പത് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മൊസൂള്‍ ഇറാഖി സേന ഐഎസില്‍ നിന്ന് പിടിച്ചെടുത്തത്.

മൊസൂള്‍, ഭീകരരില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം മതിയെന്ന് ജോയന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ യാഹ്യ റസൂല്‍ അറിയിച്ചു. ഒരു ലക്ഷത്തിലധികം മനുഷ്യരെ കവചമാക്കിയായിരുന്നു മൊസൂളില്‍ ഐഎസ് ഭീകരര്‍ പിടിമുറുക്കിയത്. 2014ലാണ് ഐഎസ് ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. രാജ്യത്തെ ഐഎസിന്റെ അവസാന താവളമാണ് സൈന്യം കീഴടക്കിയത്. കഴിഞ്ഞവര്‍ഷാവസാനത്തോടെ വിജയം നേടുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ യുദ്ധം മാസങ്ങള്‍ നീണ്ടു പോകുകയായിരുന്നു.

ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച മൊസൂളിലെ അല്‍ നൂറി പള്ളി കഴിഞ്ഞയാഴ്ച ഭീകരര്‍ തകര്‍ത്തു. ഈ പള്ളിയില്‍നിന്നാണ്, തന്നെ ഖലീഫയാക്കി 2014 ജൂലൈയില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി പ്രഖ്യാപനം നടത്തിയത്.