സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും പ്രതിസന്ധിയില്‍: സര്‍ക്കാരുമായി നാളെ ചര്‍ച്ചക്കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

single-img
9 July 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കി മാനേജ്‌മെന്റുകളുടെ നിലപാട് മാറ്റം. മലബാര്‍, സി.എസ്.ഐ, എം.ഇ.എസ് കോളേജുകള്‍ ഒഴികെയുള്ളവ കഴിഞ്ഞവര്‍ഷത്തെ ഫീസ് തുടരാമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഹൈക്കോടതിയിലെ കേസുമായി മുന്നോട്ടുപോവാനും വരവുചെലവ് കണക്കുകള്‍ ഹാജരാക്കി ഉയര്‍ന്ന ഫീസ് നേടിയെടുക്കാനുമാണ് കോളേജുകളുടെ തീരുമാനം. സര്‍ക്കാരുമായി നാളെ ചര്‍ച്ചക്കില്ലെന്ന് മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ അറിയിച്ചു. ഹൈക്കോടതി വിധി വന്നതിന് ശേഷം മാത്രമേ സര്‍ക്കാരുമായി ചര്‍ച്ച നടത്തൂവെന്ന് അസോസിയേഷന്‍ അറിയിച്ചു.

മാനേജ്‌മെന്റ് സീറ്റില്‍ വര്‍ധനയും ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാട്ടയും വേണമെന്നാണ് ഇവരുടെ ആവശ്യം. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി നാളെ ചര്‍ച്ചനടത്തുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 85 ശതമാനം സീറ്റിലും അഞ്ചര ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയാണ് ഫീസ്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.