കുംബ്ലയ്ക്ക് പകരക്കാരനെ തെരഞ്ഞടുക്കാനുള്ള അഭിമുഖം ഒഴിവാക്കി ബിസിസിഐ; കോച്ചിന്റെ കാര്യത്തില്‍ അനിശ്ചിതത്വം

single-img
9 July 2017

ന്യൂഡല്‍ഹി: കുംബ്ലെ രാജിവെച്ച ഒഴിവിലേക്കായി അഭിമുഖം ഒഴിവാക്കി പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിലേക്ക് ബി.സി.സി.ഐ കടക്കുന്നതായി സൂചനകള്‍. ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ പരിശീലകന്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്ലിയുമായുള്ള ഭിന്നതകള്‍ ടീമിനെയും ബി.സി.സി.ഐയേയും ഒരു പോലെ വലച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനായി സച്ചിന്‍ ഉള്‍പ്പടെയുള്ള മുന്‍ സീനിയര്‍ താരങ്ങള്‍ ശ്രമിച്ചു നോക്കിയെങ്കിലും വിഫലമാകുകയായിരുന്നു.

തുടര്‍ന്നായിരുന്നു അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞത്. പുതിയ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്്. നാളെ തന്നെ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. സചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുത്തത്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ പരിശീലകനെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.