കോഴിക്ക് വില കുറയില്ല: സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം; നാളെ കോഴിക്കടകള്‍ അടച്ചിടും

single-img
9 July 2017

കോഴി വില ചര്‍ച്ച ചെയ്യാന്‍ വ്യാപാരികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വില കുറയ്ക്കാനാകില്ലെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാടില്‍ മന്ത്രിയും വ്യാപാരികളുടെ നിലപാടില്‍ അസോസിയേഷനും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. നാളെ കടകളടച്ച് സമരം ചെയ്യുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് രാവിലെ ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്കുമായി സംഘടനാ പ്രസിഡന്റ് മൊയ്തീന്‍ പിച്ച റാവുത്തറും ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാറും അടക്കമുള്ളവരാണ് ചര്‍ച്ച നടത്തിയത്.

കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കിയ സാഹചര്യത്തില്‍ ജി.എസ്.ടി.നടപ്പാക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ജൂണ്‍ 30ലെ വിലനിലവാരമായ 102 രൂപയില്‍ നിന്ന് വാറ്റ് നികുതി കുറച്ച് 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയെങ്കിലും 87 രൂപയ്ക്ക് കോഴി വിറ്റിട്ട് സംസാരിക്കാന്‍ വന്നാല്‍ മതിയെന്ന നിലപാടിലാണ് മന്ത്രി.

എന്നാല്‍, കോഴി കിലോയ്ക്ക് 100 രൂപയ്ക്ക് വില്‍ക്കാനെങ്കിലും അനുവദിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 87 രൂപയ്ക്ക് വിറ്റാല്‍ കോഴി കര്‍ഷകന് പോലും ഗുണം ലഭിക്കില്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

മന്ത്രി ഇനിയും വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി. കോഴിവില മന്ത്രി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്നും അത് അനുസരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് കോഴി ഫാം ഉടമകളുടെ സംഘടനയായ പൗള്‍ട്രി ഫാറ്റ് അസോസിയേഷന്‍ കേരളയും ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷനും. 87 രൂപയ്ക്ക് കോഴി വില്‍ക്കണമെങ്കില്‍ ഫാമുകളില്‍ നിന്ന് 60 രൂപയ്‌ക്കെങ്കിലും കോഴിയെ വാങ്ങേണ്ടിവരുമെന്നും അത് കൃഷിക്കാരെ നഷ്ടത്തിലാക്കുമെന്നും പൗള്‍ട്രി ഫാറ്റ് അസോസിയേഷന്‍ കേരള സെക്രട്ടറി എം. കവികുമാര്‍ പറഞ്ഞു.

അതേസമയം, വ്യാപാരികളുടെ ആവശ്യം സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് തോമസ് ഐസക് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വ്യാപാരികളുടെ വിലപേശലിന് സര്‍ക്കാരിനെ കിട്ടില്ല. വില കുറയ്ക്കാത്തതിന് പിന്നില്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വലിയൊരു കന്പനിയാണ്. തമിഴ്‌നാട്ടിലെ വ്യാപാരികള്‍ വില കുറയ്ക്കാന്‍ തയ്യാറായാലും കേരളത്തിലെ ചില കന്പനികള്‍ വില കുറയ്‌ക്കേണ്ടെന്ന നിലപാടിലാണെന്നും മന്ത്രി പറഞ്ഞു.