സ്‌കൂള്‍ പരിസരത്ത്‌ കഞ്ചാവ് വില്‍പ്പന; പ്രതികള്‍ പിടിയില്‍

single-img
9 July 2017

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കി വന്ന പ്രതികള്‍ പിടിയില്‍. കുട്ടികളെ കഞ്ചാവിന് അടിമയാക്കുന്ന വന്‍ മാഫിയ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടി സംഘങ്ങളില്‍ ഉള്‍പ്പെട്ട അഭിലാഷ്(20), രാഹുല്‍(19) എന്നിവരാണ് വില്‍പ്പനക്കിടയില്‍ പിടിയിലായത്. കുട്ടികളെ കഞ്ചാവിന് അടിമയാക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഇടയില്‍ നിന്നു തന്നെ വിദ്യാര്‍ഥികളെ മാഫിയ സംഘം വില്‍പ്പനക്കായി തെരഞ്ഞെടുക്കുന്നതുസംബന്ധിച്ച വിവരങ്ങള്‍ മുമ്പ് പോലീസിന് ലഭിച്ചിരുന്നു.

ചെറിയ രീതിയില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരുടെ ഉപയോഗത്തിനായി കഞ്ചാവ് നല്‍കിയ ശേഷം വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു കഞ്ചാവ് മാഫിയകളുടെ മുഖ്യതന്ത്രം. പോലീസിന്റെ അന്വേഷണം ഇത്തരക്കാരിലേക്ക് ചെന്നെത്തില്ല എന്ന കാരണത്താലാണ് വില്‍പ്പനയ്ക്ക് സംഘം ഇവരെ തന്നെ കണ്ടെത്തുന്നതും.

ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് കഴക്കൂട്ടം ഗവണ്‍മെന്റ് ഹൈ സ്‌കൂള്‍, മരിയന്‍ എഞ്ചീനിയറിംഗ് കോളേജ്, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് , കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്രതികള്‍ കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനുസമീപം കഞ്ചാവ് വില്‍പന നടത്തുന്നതായി കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടെക്‌നോപാര്‍ക്ക് കഴക്കൂട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അജയ്കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.