ജുനൈദ് വധം: മുഖ്യപ്രതി കുറ്റം ഏറ്റു

single-img
9 July 2017

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്ക് മടങ്ങവേ ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനേഴുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തികൊന്ന കേസിലെ പ്രധാനപ്രതി നരേഷ് കുറ്റം സമ്മതിച്ചതായി പോലീസ്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂലിത്തൊഴിലാളിയായ ഇയാള്‍ പതിവായി ഡല്‍ഹിയിലേക്ക് സംഭവം നടക്കുന്ന ട്രെയിനില്‍ തൊഴില്‍ അന്വേഷിച്ച് യാത്ര ചെയ്തിരുന്നതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ ധൂളെ ജില്ലയില്‍ നിന്ന് ഇന്നലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് ഈദ് ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ജുനൈദ് കൊല്ലപ്പെട്ടത്. മാട്ടിറച്ചി കഴിക്കുന്നവര്‍ എന്നാരോപിച്ചായിരുന്നു ആക്രമണം. ട്രെയിന്‍ ഓഖ്‌ല സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇരുപത്തഞ്ചോളം ആളുകള്‍ തള്ളിക്കയറി.

ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ ആവശ്യപ്പെട്ട സംഘം എന്തിനെന്ന് ചോദിച്ചപ്പോള്‍ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി അസഭ്യം പറയുകയായിരുന്നു. ദേശസ്‌നേഹം ഇല്ലാത്തവര്‍, പാക്കിസ്ഥാനികള്‍, മാട്ടിറച്ചി കഴിക്കുന്നവര്‍ എന്നൊക്കെ വിളിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് കുതറിമാറാന്‍ ശ്രമിച്ച ജുനൈദിനെ തന്റെ കയ്യിലേക്ക് എറിഞ്ഞുതരാന്‍ പിടിയിലായ അക്രമി ആജ്ഞാപിക്കുകയായിരുന്നു. ഹരിയാന ഭാഷയിലായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്.

തുടര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ സഹോദരങ്ങളായ ഹാഷിം, സക്കീര്‍, മുഹ്‌സില്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് ഫരിദാബാദ് പോലീസ് അറിയിച്ചു.