പള്‍സര്‍ സുനി ബ്‌ളാക്ക്‌മെയില്‍ ചെയ്ത കേസ്: ‘ദിലീപ് പരാതി നല്‍കാന്‍ വൈകിയത് മനപ്പൂര്‍വം’

single-img
9 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ബ്‌ളാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെയും നാദിര്‍ഷയുടേയും പരാതികളില്‍ ദുരൂഹത ഉള്ളതായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സംശയമുണ്ടായിരുന്നു. ജയിലില്‍ നിന്ന് സുനി തുടര്‍ച്ചയായി വിളിച്ചിട്ടും താരങ്ങള്‍ പരാതിപ്പെട്ടത് ആഴ്ചകള്‍ക്ക് ശേഷമാണെന്നതാണ് പൊലീസില്‍ സംശയത്തിന് ഇടയാക്കിയത്.

എന്നാല്‍ കേസില്‍ നടന്‍ ദിലീപ് പരാതി നല്‍കാന്‍ വൈകിയത് കേസിലേക്ക് പ്രമുഖരെ വലിച്ചിഴയ്ക്കാതിരിക്കാനാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പള്‍സര്‍ സുനി വിളിച്ചുവെന്ന് പറയപ്പെടുന്ന ഫോണ്‍ കോളില്‍ നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേര് പരാമര്‍ശിച്ചിരുന്നു.

താന്‍ പരാതി കൊടുത്താല്‍ കേസിലേക്ക് ഇവര്‍ കൂടി വലിച്ചിഴയ്ക്കപ്പെടുമെന്ന് കരുതിയാണ് ദിലീപ് പരാതി വൈകിപ്പിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ മൂന്ന് പേരെയും വിളിച്ച് നാദിര്‍ഷയ്ക്ക് ഇത്തരമൊരു ഭീഷണി കോള്‍ വന്നതായി ദിലീപ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇത്തരത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ദിലീപോ നാദിര്‍ഷയോ കരുതുന്നില്ല.

കാക്കനാട് ജയിലില്‍ നിന്ന് ഏപ്രില്‍ ആദ്യവാരമാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും നാദിര്‍ഷയ്ക്കും പള്‍സര്‍ സുനിയുടെ ഫോണ്‍ കോള്‍ വരുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സുനി ഇവരെ വിളിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഉടനൊന്നും ഇവര്‍ പരാതി നല്‍കിയില്ല. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞാണ് ദിലീപും നാദിര്‍ഷയും ഡി.ജി.പിക്ക് പരാതി നല്‍കുന്നത്.

ദിലീപിനെ ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന ഈ കേസില്‍ പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച വരെ പോലീസിന് കസ്റ്റഡി കാലാവധിയുണ്ട്. കസ്റ്റഡി അവസാനിക്കുന്നതിന് മുമ്പ് ബ്ലാക്ക്‌മെയ്ല്‍ കേസില്‍ തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ജയിലില്‍നിന്ന് സുനി ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിനു സാധിച്ചിരുന്നില്ല. സുനിയെയും കത്തെഴുതിയ വിപിന്‍ലാലിനെയും പോലീസ് കഴിഞ്ഞ ദിവസം ഒന്നിച്ചിരുത്തി ചോദ്യംചെയ്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചില്ല. ഫെബ്രുവരി 17 ന് രാത്രിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയുടെ വാഹനം തട്ടിയെടുത്ത് പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്. പിന്നാലെ പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റു ചെയ്തു.