ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ കലാപത്തിന്റെ പേരില്‍ പ്രചരിപ്പിച്ചത് സിനിമയില്‍ നിന്നെടുത്ത ചിത്രം; ഒരാള്‍ പിടിയില്‍

single-img
9 July 2017

ബംഗാള്‍ വര്‍ഗീയ കലാപത്തിനിടെ സംഭവിച്ചതെന്ന പേരില്‍ സിനിമയില്‍ നിന്നെടുത്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ കലാപത്തിന്റേതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ ദൃശ്യം പ്രചരിപ്പിച്ചയാളാണ് പിടിയിലായത്. ഇയാളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

‘ബംഗാളിലെ ഹിന്ദുക്കളുടെ ഗതി’ എന്ന അടിക്കുറിപ്പോടെ ഒരു സ്ത്രീയുടെ വസ്ത്രമഴിക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുന്ന ചിത്രം ബിജെപി ഹരിയാന സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം വിജേത മാലിക്കും പങ്കുവെച്ചിരുന്നു. 2014ല്‍ ഭോജ്പുരിയില്‍ ഇറങ്ങിയ ഔറത് ഖിലോന നഹി സിനിമയിലെ ചിത്രമാണ് ബിജെപി നേതാവ് പങ്കുവെച്ചത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ആള്‍ട്ട് ന്യൂസ് പോലുള്ള വെബ്‌സൈറ്റുകള്‍ ഉടന്‍ തന്നെ ചിത്രം സിനിമയില്‍ നിന്നെടുത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ 17കാരന്‍ വിദ്യാര്‍ഥിയുടെ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. കലാപത്തിന്റേതെന്ന പേരില്‍ വ്യാജചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ടെന്നും ജനങ്ങള്‍ പ്രകോപിതരാകരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.