ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി

single-img
8 July 2017

ന്യൂഡല്‍ഹി : ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഭരണഘടനാ ബെഞ്ച് രൂപവത്ക്കരിക്കുന്ന കാര്യം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാന്‍ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കക്ഷികളോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചീഫ് ജ്സ്റ്റിസ് മുമ്പാകെ ഉന്നയിക്കാമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോരര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനും അറിയിച്ചു.

അതിനിടെ ,ആധാര്‍ രേഖകള്‍ എല്ലാ സേവനങ്ങളിലേക്കും വ്യാപിപ്പിച്ചതു വഴി സര്‍ക്കാര്‍ രാജ്യത്തെ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാക്കി മാറ്റിയെന്നു ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. പൗരന്‍മാരെ സംബന്ധിച്ച് എല്ലാ വിവരങ്ങളും ശേഖരിക്കുന്ന പതിവ് അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായിരുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ശ്യാംദിവാന്‍ വ്യക്തമാക്കി.

ആധാര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ ശ്യാംദിവാനും കേന്ദ്രസര്‍ക്കാരിനുവവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ശക്തമായ വാദപ്രതിവാദമാണ് ഇന്നലെ നടത്തിയത്. ഏതാനും സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രീം കോടതി 2015 ഒക്ടോബറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മേഖലയില്‍ ആധാര്‍ വര്‍ധിപ്പിക്കുകയായിരുന്നെന്ന് ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി. പൗരന്‍മാരെ ഭരണകൂടം അടിമകളാക്കി മാറ്റിയെന്നും ജനനം മുതല്‍ മരണം വരെ അവരെ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം , ശ്യാം ദിവാന്റെ വാദത്തെ എതിര്‍ത്ത അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പെന്ന പ്രയോഗം സുപ്രീംകോടതിയില്‍ പാടില്ലെന്നു ചൂണ്ടിക്കാട്ടി. ആധാര്‍ വഴി നിരവധിപ്പേര്‍ക്ക് പല സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇത്തരം നിലപാടാണുള്ളതെങ്കില്‍ അതംഗീകരിക്കാന്‍ കഴിയില്ലെന്നും എജി പറഞ്ഞു. എന്നാല്‍,പരാമര്‍ശം പിന്‍വലിക്കില്ലെന്നും ശ്യാം ദിവാന്‍ പറഞ്ഞു. എന്നാല്‍ എജിയുടെ ആവശ്യത്തെ കോടതിയും അനുകൂലിച്ചില്ല.

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് എന്ന പരാമര്‍ശം തെറ്റാണെങ്കില്‍ രാജ്യത്തെ മൊത്തം പൗരന്‍മാരെയും നിരീക്ഷിക്കുന്ന സംവിധാനത്തിന് എജി തന്നെ പുതിയ പദം കൊണ്ടു വരേണ്ടതാണെന്നു കോടതി പറഞ്ഞു. അതേസമയം, സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഗുണഫലത്തിനായി ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപാനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല. സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതു സംബന്ധിച്ച ഒന്നിലധികം ഹര്‍ജികളാണ് സുപ്രീം കോടതി മുമ്പാകെയുള്ളത്. ഇക്കാര്യത്തില്‍ അന്തിമവിധി ഉണ്ടാവുന്നതുവരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നു മൂന്നംഗബെഞ്ച് വ്യക്തമാക്കി.