ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം പ്രമാണിച്ച് ജമ്മുകാശ്മീരിലും ഡല്‍ഹിയിലും കനത്ത സുരക്ഷ

single-img
8 July 2017

കാശ്മീര്‍: ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം പ്രമാണിച്ച് ജമ്മുകാശ്മീരിലും ഡല്‍ഹിയിലും സൈന്യം സുരക്ഷ ശക്തമാക്കി. താഴ്‌വരയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ട പ്രിതിരോധ നടപടികള്‍ സ്വീകരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സുരക്ഷാ കരുതലെന്നോണം വിഘടനവാദി നേതാക്കളെ സുരക്ഷാ സേനാ തടങ്കലിലാക്കി.

താഴ്‌വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ്‌ചെയ്തിരിക്കുകയാണ്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണറാലി സംഘടിപ്പിക്കുമെന്ന് വിഘടനവാദി നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പോലീസ് ഇതിന് അനുവാദം നിഷേധിച്ചിരുന്നു. വിഘടനവാദി നേതാക്കളായ സയിദ് അലി ഷാ ഗിലാനി, യാസിന്‍ മാലിഖ് എന്നിവര്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷോഭത്തിനു ആഹ്വാനം നടത്തിയ യുവാക്കളേയും പോലീസ് കരുതല്‍ തടങ്കലിലാക്കി.

പുല്‍വാമ, കുപ്‌വാര, ബംദൂര മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈയിലെ ആദ്യ ആഴ്ചകളില്‍ തന്നെ ഒളിത്താവളം വിട്ട് ഭീകരാക്രമണം നടത്തണമെന്ന് ഭീകരര്‍ക്ക് നിര്‍ദേശം ലഭിച്ചതായി രഹസ്യന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ശ്രീനഗര്‍ ട്രാല്‍ ദേശിയ പാത, തെക്കന്‍ കാശ്മീര്‍ എന്നിവിടങ്ങളില്‍ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാവും കനത്ത സുരക്ഷയിലാണ്.

പോലീസ് സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ബുര്‍ഹാന്‍ വാനിയെപ്പോലെയുള്ള ഭീകരര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി തന്നെ നല്‍കുമെന്ന് ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലനിടെ ബുര്‍ഹാര്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം അഞ്ചുമാസം നീണ്ടുനിന്നു.

പ്രക്ഷോഭകരും സൈനികരും ഉള്‍പ്പെടെ 78 പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.