ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ സംഗീത വിസ്മയം എ.ആര്‍.റഹ്മാന്‍

single-img
8 July 2017

സംഗീത ജീവിതത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷം തികച്ച് ചെന്നൈ മൊസാര്‍ട്ട് എ.ആര്‍.റഹ്മാന്‍. ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലണ്ടനില്‍ ഇന്ന് റഹ്മാന്‍ സംഗീത നിശ അരങ്ങേറും. തന്റെ അന്‍പത് വയസ്സിനിടയില്‍ റഹ്മാനെ തേടിയെത്താത്ത പുരസ്‌ക്കാരങ്ങളും നേട്ടങ്ങളും ഇല്ലെന്നതാണ് മറ്റൊരു അദ്ഭുതം. സ്ലംഡോഗ് മില്ല്യണേയര്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയതോടെ രണ്ട് ഓസ്‌ക്കാറുകള്‍, രണ്ട് ഗ്രാമി അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം ഇങ്ങനെ നീളുന്നു റഹ്മാനെ തേടിയെത്തിയ പുരസ്‌കാരങ്ങൾ.

ഗിറ്റാര്‍, ഡ്രംസ്, ഹാര്‍പ്പെജി, ഫിന്‍ഗര്‍ ബോര്‍ഡ്, കീബോര്‍ഡ്, പിയാനോ ,ഗ്ലോബറ്റ് ഡ്രം, കണ്‍സേര്‍ട്ട് ഹാര്‍പ്പ് എന്നിങ്ങനെ സംഗീത മേഖലയില്‍ റഹ്മാന്‍ കൈവെയ്ക്കാത്ത വാദ്യോപകരണങ്ങള്‍ ഇല്ല. മാസ്റ്റര്‍ ധന്‍രാജിന് കീഴില്‍ സംഗീത അഭ്യാസം തുടങ്ങിയ റഹ്മാന്‍ പിന്നീട് 11 ാം വയസ്സില്‍ അര്‍ജുനന്‍ മാസ്റ്ററിനു കീഴില്‍ ഓര്‍ക്കെസ്ട്ര വായിച്ച് സിനിമ സംഗീത രംഗത്ത് ചെറിയ തുടക്കം കുറിക്കുകയായിരുന്നു.

തുടര്‍ന്ന് എം.എസ് വിശ്വനാഥന്‍, ഇളയരാജ, രമേശ് നായിഡു, രാജ് കോട്ടി, സക്കീര്‍ ഹുസൈന്‍, എല്‍ ശങ്കര്‍ എന്നിവരുടെ കളരിയില്‍ സംഗീതം അഭ്യസിച്ച റഹ്മാന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ സിനിമ ഇതുവരെ കേള്‍ക്കാത്ത ശബ്ദം സംഗീതത്തിലൊരുക്കി റോജ സിനിമയിലൂടെ സംഗീത സംവിധായകനായി കടന്നു വരികയായിരുന്നു.

ഫോക്ക്, റോക്ക്, റിഥം ആന്റ് ബ്ലൂസ്, കണ്‍ട്രി മ്യൂസിക്, റെഗ്ഗെ, പോപ്പ്, ഫങ്ക്, ഡിസ്‌കോ, ജാസ്സ്, ഹിപ്പ് ഹോപ്പ്, പങ്ക് റോക്ക്, ഏഷ്യന്‍ പോപ്പ്, ഇന്‍ഡി റോക്ക്, ലുല്ലബീസ്, സൂഫി തുടങ്ങി റഹ്മാന്‍ ഉപയോഗിക്കാത്ത മ്യൂസിക് ജോണര്‍സ് തന്നെ വിരളം. കാപ്പി രാഗത്തില്‍ റഹ്മാന്‍ റോജക്കായി ചിട്ടപ്പെടുത്തി കാതല്‍ റോജാവെ എന്ന ഗാനം എന്നും ആരാധക മനസ്സുകള്‍ ഏറ്റുപാടുന്ന പാട്ടുകളില്‍ ഒന്നാണ്.

തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത വിസ്മയം റഹ്മാന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം “yesterday, today,tomorrow” എന്ന പേരിലാണ് ലണ്ടനിലെ എസ്.എസ്.ഇ അറീനയില്‍ സംഗീത നിശയൊരുക്കി ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ഇവിടെ റഹ്മാന്‍ തന്റെ മാന്ത്രിക വിരലുകളില്‍ പിറവി കൊണ്ട ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി ആലപിക്കും. ഇതുവരെയുള്ള സംഗീത യാത്രയില്‍ റോജ നല്‍കിയ സന്തോഷവും പ്രചോദനവും വേറിട്ടു നില്‍ക്കുന്നതാണ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന റഹ്മാന്റെ വാക്കുകള്‍.