കല്‍പ്പിത സര്‍വകലാശാലകളില്‍ എംബിബിഎസ് പഠനത്തിന് ചെലവ് വര്‍ധിപ്പിച്ചു

single-img
8 July 2017

കോഴിക്കോട്: കല്‍പ്പിത സര്‍വകലാശാലകളില്‍ എം.ബി.ബി.എസ് പഠനത്തിന് ചെലവ് കുത്തനെ വര്‍ധിപ്പിച്ചു. ഒന്‍പതു ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. ഫീസ് ഉയര്‍ത്തുന്നതിന് മെഡിക്കല്‍ കൗണ്‍സിലിങ് കമ്മറ്റി അംഗീകാരം ലഭിച്ചതോടെയാണ് പുതുക്കിയ ഫീസ് വര്‍ധന നിലവില്‍ വന്നത്. കമ്മറ്റി പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നവി മുംബൈയിലെ ഡോ.ഡി.വൈ.പാട്ടീല്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഷിക ഫീസ് ആയി നല്‍ക്കേണ്ടത് 25 ലക്ഷം രൂപയാണ്.

ചെന്നൈ എസ്. ആര്‍ . എം. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ 22.5 ലക്ഷം , കാഞ്ചീപുരം ചെട്ടിനാട് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 22 ലക്ഷം എന്നിങ്ങനെയാണ് ഉയര്‍ന്ന ഫീസ് ഈടാക്കുന്ന കോളേജുകള്‍. മലയാളികള്‍ പ്രവേശനം തേടുന്ന ദക്ഷിണേന്ത്യയിലെ കല്‍പ്പിത സര്‍വകലാശാലകളില്‍ ഭൂരിഭാഗവും വലിയ ഫീസാണ് ട്യൂഷന്‍ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രതിവര്‍ഷം 15 ലക്ഷം രൂപയാണ് ഫീസ്. കര്‍ണാടകത്തിലെ കോലാറിലുള്ള എസ്.ഡി.യു മെഡിക്കല്‍ കോളേജ് (9.3 ലക്ഷം) എന്നിവ മാത്രമാണ് 10 ലക്ഷത്തില്‍ താഴെ ഫീസ് ഈടാക്കുന്നത്.

ബാക്കി എല്ലാ കല്‍പ്പിത സര്‍വകലാ ശാലകളിലും 10 ലക്ഷം മുതല്‍ 22.5 ലക്ഷം രൂപവരെയാണ് വാര്‍ഷിക ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ കല്‍പ്പിതസര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ കൗണ്‍സിലിങ് കമ്മറ്റിയാണ് കൗണ്‍സിലിങ് നടത്തുക. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. തലവരിപ്പണം സ്വീകരിക്കുന്നത് തടയുന്നതിനും പ്രവേശനം സുതാര്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രിത കൗണ്‍സിലിങ് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യത്യസ്തമായി കല്‍പ്പിത സര്‍വകലാശാലകളിലെ ഫീസ്ഘടന നേരത്തെ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫീസ് നിര്‍ണയത്തില്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ ഇടപെട്ടിരുന്നില്ല. അതേസമയം , കല്‍പ്പിത സര്‍വകലാശാലകളിലെ ഫീസ് നിര്‍ണയത്തിന് കേന്ദ്രകമ്മിറ്റിയെ നിയമിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും ഇതുവരെ സ്വീകരിച്ചിട്ടില്ല.