നവജാത ശിശുക്കള്‍ക്കും ആശ്രിത ലെവി ബാധകമാക്കി സൗദി അറേബ്യ

single-img
7 July 2017

റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി നവജാതശിശുക്കള്‍ക്കും ബാധകമാണെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ജൂലായ് ഒന്നിന് ശേഷമുളള നവജാതശിശുക്കളുടെ ജനനം മുതലുള്ള ലെവി മുന്‍കാല പ്രാബല്യത്തോടെ ഈടാക്കാനാണ് തീരുമാനം. സ്വകാര്യ ജീവനക്കാരായ എല്ലാ രാജ്യക്കാര്‍ക്കും ആശ്രിത ലെവി ബാധകമാണെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ പുതുക്കുമ്പോഴും പുതിയത് വിതരണം ചെയ്യുമ്പോഴും ഒരു വര്‍ഷത്തെ ലെവി അടക്കണം.

സര്‍ക്കാര്‍ ഫീസുകള്‍ അടക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ സദാദ് വഴിയാണ് ആശ്രിത ലെവി അടക്കേണ്ടത്. ഇതിനായി ഇഖാമ നമ്പര്‍ കംപ്യൂട്ടര്‍ സോഫ്‌ട്വെയറുമായി ബന്ധിപ്പിച്ച് പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ ഇഖാമ, ഇഖാമ പുതുക്കുക, റീഎന്‍ട്രി തുടങ്ങിയ സേവനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ആശ്രിതര്‍ക്കുമുള്ള ലെവിയും അടയ്ക്കണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ജനന തീയതി രജിസ്റ്റര്‍ ചെയ്യാതിരിക്കുക, താമസാനുമതി രേഖ എടുക്കാതിരിക്കുക എന്നിവ നിയമലംഘനമാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതേസമയം, താമസാനുമതി രേഖയായ ഇഖാമ ഫീസിന് ഇളവ് അനുവദിച്ചിട്ടുളള വിഭാഗങ്ങളെ ആശ്രിത ലെവിയില്‍ നിന്ന് ഒഴിവാക്കി. സര്‍ക്കാര്‍ ജീവനക്കാരായ വിദേശികളുടെ ആശ്രിതര്‍, ഗാര്‍ഹിക തൊഴിലാളികള്‍, ഇടയന്മാര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്രിത ലെവി ബാധകമല്ല.