സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി വിരാട് കോഹ്ലി

single-img
7 July 2017

 

കിംഗ്സ്റ്റണ്‍: വിരാട് കോഹ്ലിയിലെ ബാറ്റ്‌സ്മാനില്‍ എല്ലാ ഇന്ത്യക്കാരും മറ്റൊരു സച്ചിനെ തന്നെയാണ് കാണുന്നത്. ഇപ്പോള്‍ ഇതാ ക്രിക്കറ്റ് ഏകദിനത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി കളിക്കളത്തില്‍ മറികടന്നിരിക്കുകയാണ് വിരാട് കോഹ്ലി. ഏകദിനത്തില്‍ മറുപടി ബാറ്റിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നിരിക്കുന്നത്. ചുരുങ്ങിയ ഇന്നിംഗ്‌സുകളില്‍ നിന്നാണിതെന്ന് ഓര്‍ക്കണം.

232 ഇന്നിംഗ്‌സുകളില്‍ നിന്നായി 17 സെഞ്ചുറികളായിരുന്നു സച്ചിന്റെ നേട്ടമെങ്കില്‍ ഇത് വെറും 102 ഇന്നിംഗ്‌സുകള്‍ കളിച്ചാണ് കോഹ്ലി മറികടന്നിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് റണ്‍ ചേസിംഗില്‍ ഏറ്റവും അധികം സെഞ്ചുറിയെന്ന നേട്ടത്തില്‍ കോഹ്ലി എത്തിയത്. 115 പന്തില്‍ രണ്ട് സിക്‌സും 12 ഫോറുകളുടെയും അകമ്പടിയോടെ ആയിരുന്നു കോഹ്ലി സെഞ്ചുറി തികച്ചത്.

ഏകദിന കരിയറിലെ 28ാം സെഞ്ചുറിയായിരുന്നു കോഹ്ലി ഇവിടെ നേടിയത്. ഇതോടെ ഏറ്റവും അധികം സെഞ്ചുറികളുടെ കണക്കില്‍ ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യയുടെ ഒപ്പമെത്തി കോഹ്ലി.