പരമ്പര ഇന്ത്യയ്ക്ക്: വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്

single-img
7 July 2017

കിംഗ്സ്റ്റണ്‍: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി.3-1 നാണ് ഇന്ത്യ പരമ്പര നേടിയത്. അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിനെ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും ബൗളിംഗ് മികവില്‍ ഇന്ത്യ 205 റണ്‍സില്‍ വരിഞ്ഞുകെട്ടുകയായിരുന്നു.

സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 205, ഇന്ത്യ 36.5 ഓവറില്‍ രണ്ടു വിക്കറ്റിന് 206. ഷായ് (51), കൈല്‍ (46), ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (36), റോവ്മാന്‍ പവല്‍ (31) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് വിന്‍ഡീസിനെ 200 റണ്‍സ് കടക്കാന്‍ സഹായിച്ചത്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി (111 നോട്ടൗട്ട്), ദിനേഷ് കാര്‍ത്തിക് (50 നോട്ടൗട്ട് ) എന്നിവരുടെ ഇന്നിങ്ങ്‌സാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്്. കരിയറിലെ തന്റെ 28ാമത്തെ സെഞ്ചുറി നേടിയ കോഹ്ലി റണ്‍ചേസില്‍ 18 സെഞ്ചുറികള്‍ എന്ന അപൂര്‍വ നേട്ടത്തിന് ഉടമയായി.

മുഹമ്മദ് ഷമി 4 വിക്കറ്റ് നേടി. ഉമേഷ് യാദവ് മൂന്നും, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സെഞ്ചുറി നേടി കോഹ്ലി കളിയിലെ താരമായപ്പോള്‍ അജിങ്ക്യ രഹാനെ പരമ്പരയിലെ താരമായി