”ഈ ഡോക്ടര്‍ ദൈവമാണ്”

single-img
5 July 2017

നൂറ്റി രണ്ടാം വയസ്സിലും ആതുര സേവനരംഗത്ത് കര്‍മ്മനിരതനായിരിക്കുന്ന ഡോ. ബല്‍വന്ത് ഗട്ട്പാണ്ഡെയെ സംബന്ധിച്ചിടത്തോളം പ്രായമാവുന്നു എന്നത് ഒരു ഘടകമേയല്ല. 102-ാം വയസ്സിലും ആഴ്ചയില്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ ദിവസവും പത്തുമണിക്കൂര്‍ ജോലി ചെയ്ത് തന്റെ രോഗികള്‍ക്കിടയില്‍ ഇപ്പോഴും സജീവമാണദ്ദേഹം.

പൂനെയിലെ ഏറ്റവും പ്രായം ചെന്ന ഡോക്ടര്‍മാരിലൊരാളാണ് ഡോ. ബല്‍വന്ത് ഗട്ട്പാണ്ഡെ. ഇക്കഴിഞ്ഞ മാര്‍ച്ച് 15 അദ്ദേഹത്തിന്റെ 102ാം ജന്മദിനമായിരുന്നു. പക്ഷേ ജോലിയെന്നാല്‍ അദ്ദേഹത്തിനിപ്പോഴും ആവേശമാണ്. ”തന്റെ മുത്തച്ഛന് ജോലിയെന്നാല്‍ ഒരു വികാരമാണ്… ജോലി ചെയ്യുക എന്നതിനപ്പുറം അദ്ദേഹത്തിന് താത്പര്യങ്ങളൊന്നുമില്ലെന്നും മുത്തച്ഛന്‍ തീര്‍ത്തും വര്‍ക്‌ഹോളിക് ആണെന്നുമാണ് കൊച്ചുമകന്‍ സ്വാനാന്ദ് പറയുന്നത്. അതെ ഞാന്‍ ഒരു വര്‍ക്‌ഹോളിക്കാണ്.. അതിലെനിക്ക് അഭിമാനവുമുണ്ട്. ഒരുഭാഗത്ത് ഇരിക്കുക എന്നത് എനിക്ക് ഇഷ്ടമല്ല. വെറുതെ ഇരിക്കാനാണെങ്കില്‍ പോലും ഒന്നുകില്‍ ഏതെങ്കിലും മെഡിക്കല്‍ ബുക്ക് റഫര്‍ ചെയ്യും, അല്ലെങ്കില്‍ പത്രം വായിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇതിനിടയില്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി അദ്ദേഹം. നൂറ്റി രണ്ടാം വയസ്സിലും എങ്ങനെ ചുറുചുറുക്കോടെ ആരോഗ്യം നിലനിര്‍ത്തുന്നുവെന്നത്. പ്രഭാത സവാരിയും കൃത്യമായ വ്യായാമവും തണുത്ത വെള്ളത്തിലെ കുളിയുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ഡോക്ടര്‍ പറയുന്നത്. 1995 ല്‍ ഉണ്ടായ ഒരു അപകടത്തില്‍ പരിക്കുപറ്റിയപ്പോഴല്ലാതെ!, പിന്നീട് ഒരിക്കല്‍ പോലും അസുഖത്തിന് ചികിത്സ തേടി ഗാട്ട്പാണ്ഡെ മറ്റൊരു ഡോക്ടറെ കണ്ടിട്ടില്ല…

1941 ലാണ് അദ്ദേഹം തന്റെ ഡോക്ടര്‍ ജീവിതം ആരംഭിക്കുന്നത്. ആ സമയത്ത് പലതരം പകര്‍ച്ചവ്യാധികള്‍ രാജ്യം മുഴുവന്‍ വ്യാപകമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ”ഇന്ന് എല്ലാവര്‍ക്കും സ്‌പെഷലിസ്റ്റിനെ വേണം. പഴയ കാല ചികിത്സാ രീതിയൊക്കെ മാറിപ്പോയി… അതുകൊണ്ടുതന്നെ പുതിയ കാലത്തെ ഡോക്ടര്‍മാര്‍ക്ക് എന്റെ ഉപദേശം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ‘ അദ്ദേഹം പറഞ്ഞു. ദിവസം ശരാശരി 30 രോഗികളെ വരെയാണ് ഡോക്ടര്‍ പരിശോധിക്കുന്നത്. തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡോക്ടറെ ഈ പ്രായത്തിലും തങ്ങള്‍ക്ക് 101 ശതമാനം വിശ്വാസമാണെന്ന് രോഗികളും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ഡോക്ടറാവുക എന്നാല്‍ അതാണ് ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും ഉചിതമായ ഒരു ജോലി.. സാമ്പത്തികമായ സുരക്ഷിതത്വത്തേക്കാള്‍ മാനുഷികമായ സംതൃപ്തി നല്‍കുന്നുണ്ട് അത്. എനിക്ക് എല്ലാംനല്‍കിയത് ഈ ജോലിയാണ്.. അംഗീകാരവും പണവും ജനങ്ങളുടെ ഇടയില്‍ നല്ലപേരും എല്ലാം എന്ന് അദ്ദേഹവും പറയുന്നു. അതുകൊണ്ട് ഞാനൊരിക്കലും റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല…. എന്റെ മരണം വരെ ഡോക്ടറായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹവും.. ഈ ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മരിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ഡോക്ടര്‍ പറയുന്നു…