പൾസർ സുനി മജിസ്ട്രേറ്റിനു രഹസ്യമൊഴി നൽകും; കൂടുതൽ പ്രമുഖർ കുടുങ്ങിയേക്കും: ബി ഏ ആളൂർ

single-img
4 July 2017

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി സുനിൽകുമാർ, ക്രിമിനൽ നടപടിക്രമം 164-ആം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയേക്കുമെന്നു അഡ്വക്കേറ്റ് ബി ഏ ആളൂർ ഇ വാർത്തയോട് പറഞ്ഞു. സുനിൽകുമാറിനു വേണ്ടി ഇന്നു ആലുവാ കോടതിയിൽ ഹാജരായത് ആളൂരായിരുന്നു. നിലവിലെ അഭിഭാഷകനായ  അഡ്വ.ടെനിക്ക് പകരം അഡ്വ.ബി.എ ആളൂരിനെ തന്റെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സുനി കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

അടുത്ത പതിനെട്ടാം തീയതി കേസ് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റുമെന്നും ആളൂർ പറഞ്ഞു. ജയിലിൽ നിന്നും പുറത്തുവന്ന കത്ത് സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം എഴുതിയതാണെന്നും അതിൽപ്പറയുന്ന ദിലീപ് അടക്കമുള്ളവർക്കുനേരേയുള്ള ആരോപണങ്ങളിൽ സുനിൽകുമാർ ഉറച്ചുനിൽക്കുകയാണെന്നും ആളൂർ അറിയിച്ചു. ഇക്കാര്യം സുനിൽകുമാർ കോടതിയിൽ സമ്മതിച്ചിട്ടുമുണ്ട്.

മജിസ്ട്രേറ്റിനു മുന്നിൽ സുനിൽകുമാർ രഹസ്യമൊഴി നൽകുമെന്നും നിലവിൽ പുറത്തുവന്ന പേരുകൾക്കു പുറമേ കൂടുതൽ വമ്പൻ സ്രാവുകളുടെ പേരുകൾ പുറത്തുവരുമെന്നും ആളൂർ അറിയിച്ചു.

സുനിൽകുമാറിന്റെ അഭിഭാഷകനായ ആളൂരിന്റെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ കേസിൽ ഇനിയും വഴിത്തിരിവുകളുണ്ടാകുമെന്നാണു മനസ്സിലാക്കാൻ കഴിയുന്നത്. പീഡനത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മജിസ്ട്രേറ്റിന്റെ മുന്നിൽ രഹസ്യമൊഴി നൽകി കേസിൽ മാപ്പുസാക്ഷിയാകാനാണു പൾസർ സുനിയുടെ നീക്കമെന്നും സൂചനയുണ്ട്.