പോലീസ് ക്രൂരമായി തല്ലിയെന്ന പരാതിയുമായി പള്‍സര്‍ സുനി: കോടതിയില്‍ നാടകീയ രംഗങ്ങള്‍

single-img
4 July 2017

കൊച്ചി: ജയിലില്‍ വച്ച് തന്നെ പോലീസ് മര്‍ദ്ദിച്ചുവെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചു വരുത്തി വിസ്തരിച്ചു. എന്നാല്‍, ജയിലില്‍ മര്‍ദ്ദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനിടെ, അഡ്വ.ടെനിക്ക് പകരം അഡ്വ.ബി.എ ആളൂരിനെ തന്റെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സുനി കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഇതേതുടര്‍ന്ന് കോടതിക്കുളളില്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അഡ്വ. ബി.എ.ആളൂരും അഡ്വ. ടെനിയും തമ്മിലായിരുന്നു തര്‍ക്കം. കക്ഷികളെ തേടി അഭിഭാഷകര്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് ടെനി പറഞ്ഞു. ഇതിന് ആളൂര്‍ നല്‍കിയ മറുപടി കോടതിയെ ചൊടിപ്പിച്ചു. അനാവശ്യകാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് ജഡ്ജി കര്‍ശന നിര്‍ദ്ദേശം നല്‍കി. തന്റെ വക്കാലത്ത് ബി.എ ആളൂരിനെ ഏല്‍പ്പിച്ചതായി പള്‍സര്‍ സുനി അറിയിച്ചതോടെ ആളൂരുമായി കേസ് സംസാരിക്കാന്‍ സുനിക്ക് കോടതി സമയം നല്‍കി.

പിന്നീട് സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18വരെ നീട്ടിയ കോടതി, കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.

പള്‍സര്‍ സുനിയുടെ കേസ് ഏറ്റെടുക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്നു അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു. കേസ് ആരംഭം മുതലേ ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. സാങ്കേതിക തടസമുണ്ടായതിനാല്‍ തുടക്കത്തില്‍ അതിനു സാധിച്ചില്ല. സുനില്‍കുമാറിനെ നേരിട്ടു കണ്ടിരുന്നു. കേസുമായി ബന്ധപ്പെട്ടാണു സംസാരിച്ചത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചില്ല.

ഏതു വക്കീലിനെയും കോടതിയില്‍ വാദത്തിനായി വയ്ക്കാനുള്ള അവകാശം പ്രതിക്കുണ്ടെന്നും ആളൂര്‍ മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം, ഏതു വമ്പനാണ് കേസ് ഏല്‍പ്പിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ആളൂര്‍ പ്രതികരിച്ചില്ല. എന്നാല്‍ സുനിയുടെ ചില സുഹൃത്തുക്കളാണ് തന്നോട് വക്കാലത്ത് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ആളൂര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

സത്യമായ കാര്യങ്ങള്‍ മറച്ചുവച്ചാണു പൊലീസ് സര്‍ജന്‍ കോടതിയില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നും ആളൂര്‍ ആരോപിച്ചു. പിടികൂടിയ ശേഷം പൊലീസ് സുനിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇതുമറച്ചുവച്ചാണ് പൊലീസിന് അനുകൂലമായ സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ രാജേഷ് നല്‍കിയത്. അതുകൊണ്ടാണ് ഡോക്ടറെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത്. മര്‍ദ്ദിച്ചശേഷം നാരങ്ങാവെള്ളം കുടിപ്പിച്ചു. ആന്തരാവയവങ്ങളിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ മറയ്ക്കുകയായിരുന്നുവെന്നും ആളൂര്‍ പറഞ്ഞു.