ചര്‍ച്ച പരാജയം; നഴ്‌സുമാരുടെ സമരം തുടരും

single-img
4 July 2017

തിരുവനന്തപുരം: ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്‌സുമാരുമായി തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയം. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനുമായി തൊഴില്‍ മന്ത്രി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. വിഷയത്തില്‍ പത്താം തീയ്യതി വീണ്ടും ചര്‍ച്ച നടക്കും. പത്താം തീയ്യതി നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് നീങ്ങാമെന്ന് നഴ്‌സുമാര്‍ തീരുമാനിച്ചു.

നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 13000 രുപ അടിസ്ഥാന ശമ്പളം ഇരുപതിനായിരത്തിനു മുകളിലേക്കുയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ പ്രധാനം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത തിങ്കള്‍ മുതല്‍ ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് സമരം വ്യാപിപ്പിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. അതിനായി ആശുപത്രി അധികൃതര്‍ക്കു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചതിനാല്‍ എട്ടാം തീയതി നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി വച്ചു.

ഇന്ന് നാലുമണിക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായും ചര്‍ച്ചയുണ്ട്. പതിനൊന്നാം തീയ്യതി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിട്ടില്ല. പത്താം തീയ്യതി നടക്കുന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തും.

ജൂണ്‍ 27ന് തൊഴില്‍ വകുപ്പിന് കീഴിലുള്ള വ്യവസായ ബന്ധ സമിതി നഴ്‌സുമാരുടെ സമരം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടന്നത്. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്