വീണ്ടും ഉത്തരകൊറിയയുടെ യുദ്ധ പ്രകോപനം, ജപ്പാൻ തീരത്തിനടുത്ത് മിസൈൽ വിക്ഷേപിച്ചു

single-img
4 July 2017

സോള്‍: യുദ്ധസംഘര്‍ഷം രൂക്ഷമാക്കി ഉത്തര കൊറിയ ജപ്പാനിലേക്കു മിസൈല്‍ വിക്ഷേപിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 9.30 ന് വടക്കന്‍ പ്യോഗാങ്ങിലെ ബാങ്കിയൂണില്‍ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ 930 കിലോമീറ്റര്‍ (578 മൈല്‍) സഞ്ചരിച്ചാണ് കടലില്‍ പതിച്ചതെന്ന് ജപ്പാന്‍ മാധ്യമം എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രകോപനപരമായ നടപടി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.

അതേസമയം, ശത്രുവിന്റെ കപ്പല്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഉത്തരകൊറിയ ഈമാസമാദ്യം ഏതാനും മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ഇതുവരെ പരീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായ പ്രതിരോധ മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയുടെയും ഐക്യരാഷ്ട്ര സംഘടനകളുടെയും താക്കീതുകളെ വെല്ലുവിളിച്ചായിരുന്നു മിസൈലുകള്‍ വിക്ഷേപിച്ചത്.

യുഎസും ജപ്പാനും സംയുക്തമായി ചേര്‍ന്നു ജപ്പാന്‍ കടലില്‍ സൈനികാഭ്യാസം നടത്തിയതും അതിനു മുമ്പ് യുഎസ് ദക്ഷിണകൊറിയ സംയുക്ത സൈനികഭ്യാസം നടത്തിയതും ഉത്തരകൊറിയയെ ചൊടിപ്പിച്ചിരുന്നു.

പേള്‍ ഹാര്‍ബര്‍ തുറമുഖത്തു നങ്കൂരമിട്ടിരുന്ന യുഎസ് പടക്കപ്പല്‍ ഏതാനും ദിവസമായി ദക്ഷിണകൊറിയന്‍ തുറമുഖമായ ബുസാനിലുണ്ട്. യുഎസ് പോര്‍വിമാനങ്ങള്‍ ജപ്പാന്‍ കടലിനു മീതെ പരീക്ഷണപ്പറക്കലും നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ശത്രുവിന്റെ കപ്പലുകളെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കാനുള്ള ശേഷി ഉത്തരകൊറിയ പ്രകടിപ്പിച്ചത്.

അതേസമയം, ഉത്തരകൊറിയയുടെ ആയുധ നയത്തോട് സഹിഷ്ണുത പുലര്‍ത്താനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ ഭീഷണി അഭിമുഖൂകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അവരുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും ട്രംപ് അറിയിച്ചു.